ന്യൂഡൽഹി: മുൻനിര നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഹമാസും ഹിസ്ബുള്ളയും അറിയിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസ്സി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തങ്ങണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് എംബസ്സി നിർദേശം നൽകി. അടിയന്തര സാഹചര്യത്തിൽ എംബസ്സിയിലെ 24*7 ഹെൽപ്ലൈനുമായി ബന്ധപ്പെടാം. സമൂഹ മാധ്യമമായ എക്സിലൂടെയാണ് എംബസ്സി വിവരം പങ്കുവെച്ചത്.
'നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദ്ദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക. എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.' എംബസ്സി എക്സിൽ പോസ്റ്റ് ചെയ്തു.
📢*IMPORTANT ADVISORY FOR INDIAN NATIONALS IN ISRAEL* Link : https://t.co/OEsz3oUtBJ pic.twitter.com/COxuF3msn0
ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമായി വന്നാൽ +972-547520711, +972-543278392 എന്ന നമ്പറുകളിൽ പൗരന്മാർക്ക് ബന്ധപ്പെടാം. അതിനായുള്ള ഫോൺ നമ്പറും ഈ-മെയിൽ ഐഡിയും cons1.telaviv@mea.gov.in. ഇന്ത്യൻ എംബസ്സി പങ്കുവെച്ചു. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർക്ക് രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ലിങ്കും എംബസ്സി പങ്കുവെച്ചിട്ടുണ്ട്. ഒന്നിലധികം ഭാഷയിലാണ് ജാഗ്രതാ നിർദേശം പങ്കുവെച്ചത്.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇസ്രേയേലിന് പ്രതികാര മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസ്സി രംഗത്തെത്തിയത്.