നേപ്പാളില് ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ചുപേർക്ക് ദാരുണാന്ത്യം

ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മരിച്ച നാലുപേർ ചൈനീസ് പൗരൻമാരും ഒരാൾ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാൾ സ്വദേശിയുമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി. ഹെലികോപ്റ്റർ കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട് സയാഫ്രുബെൻസിയിലേക്കുള്ള യാത്രയിലായിരുന്നു.സൂര്യ ചൗറിൽ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

1993-ൽ സ്ഥാപിതമായ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ സർവീസ് കാഠ്മണ്ഡു, പൊഖാറ, ലുക്ല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നേപ്പാളിലുടനീളം ആഭ്യന്തര ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസുകൾ നടത്തിയിരുന്നത്. ഇതു മൂന്നാം തവണയാണ് എയർ ഡൈനസ്റ്റിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്. ജൂലൈ 24-ന് ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് ശൗര്യ എയർലൈൻസ് വിമാനം തകർന്ന് ആഴ്ചകൾക്കകമാണ് ഈ അപകടം.

To advertise here,contact us