ട്രംപിന്റെ പ്രായം മുതൽ കമലാ ഹാരിസിന്റെ മക്ഡൊണാൾഡ്സ് റെക്കോർഡ് വരെ; കൈയ്യടി നേടി ക്ലിന്റൻ

സംഭവിക്കാൻ പാടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരിക്കൽ ഡെമോക്രാറ്റുകൾ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ട്രംപിന്റെ 2017 ലെ വിജയത്തെ ഉന്നംവച്ച് ക്ലിന്റൻ

ന്യൂയോർക്ക്: ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ കടന്നാക്രമിച്ചും കമലാ ഹാരിസിനെയും ജോ ബൈഡനെയും പുകഴ്ത്തിയും കൈയ്യടി നേടി മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ. ട്രംപിനെ പ്രായം പറഞ്ഞ് രൂക്ഷ്മായി ആക്രമിച്ച ക്ലിന്റൻ, ബൈഡന്റെ അനുകമ്പ, സ്നേഹം, ത്യാഗം, സേവനം എന്നിവയുടെ പേരിൽ അദ്ദേഹത്തെ പ്രകീർത്തിച്ചു.

സംഭവിക്കാൻ പാടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരിക്കൽ ഡെമോക്രാറ്റുകൾ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ട്രംപിന്റെ 2017 ലെ വിജയത്തെ ഉന്നംവച്ച് ക്ലിന്റൻ പറഞ്ഞു. എതിരാളികളെ ഒരിക്കലും കുറച്ച് കാണരുതെന്ന് അദ്ദേഹം ഡെമോക്രാറ്റുകൾക്ക് മുന്നറിയിപ്പ് നൽകി. അവർ നമ്മുടെ ശ്രദ്ധ തിരിക്കാൻ മിടുക്കരാണെന്നാണ് ക്ലിന്റൻ്റെ മുന്നറിയിപ്പ്.

1972 മുതൽ എല്ലാ ഡെമോക്രാറ്റിക് നാഷണൽ കോൺഫറൻസുകളിലും പങ്കെടുത്തെങ്കിലും ഇനി എത്രയെണ്ണത്തിൽ പങ്കെടുക്കാനാകുമെന്ന് ഉറപ്പില്ല. നമ്മെ നയിക്കാൻ നമുക്ക് കമലാ ഹാരിസിനെ വേണം.അനിശ്ചിതത്വം നിലനിർത്താൻ പാകത്തിലുള്ളതാണ് ട്രംപിന്റെ ക്യാംപയിൻ. ശക്തമായ മത്സരമാണ് നമുക്ക് മുന്നിലുള്ളത്. എന്നാൽ വ്യത്യസ്ത നിലപാടുള്ളവരെ ബഹുമാനിക്കണമെന്നും ക്ലിന്റൻ പറഞ്ഞു. അതേസമയം താനിപ്പോഴും ട്രംപിനേക്കാൾ ചെറുപ്പമാണെന്നായിരുന്നു പ്രായത്തിന്റെ പേരിൽ ക്ലിന്റൻ്റെ പരിഹാസം.

കമലാ ഹാരിസിന്റെ മക്ഡൊണാൾഡ് ജീവിത കാലത്തെയും ക്ലിന്റൻ പരാമർശിച്ചു. കമല വൈറ്റ് ഹൗസിലെത്തിയപ്പോൾ താൻ സന്തോഷിച്ചു. ഏറ്റവും കൂടുതൽ കാലം മക്ഡൊണാൾഡ്സിൽ ജോലി ചെയ്ത പ്രസിഡന്റെന്ന തന്റെ റെക്കോർഡ് കമല മറികടന്നുവെന്നും ക്ലിൻ്റൺ പറഞ്ഞു.

നിങ്ങൾക്ക് അടുത്ത നാല് വർഷം ആൾക്കൂട്ടത്തിന്റെ വലിപ്പത്തെ കുറിച്ച് സംസാരിച്ച് സമയം ചെലവഴിക്കണോ അതോ അടുത്ത നാല് വർഷം സാമ്പത്തിക വളർച്ച കൈവരിക്കണോ? എന്ന ചോദ്യം കൂടി ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ച് ക്ലിന്റൻ ചോദിച്ചു. തന്റെ പ്രചാരണ റാലിയിലെ ആൾക്കൂട്ടത്തെ കുറിച്ച് നിരന്തരമായി ട്രംപ് അവകാശവാദമുന്നയിക്കുന്ന പശ്ചാത്തലത്തിയാരുന്നു ക്ലിന്റന്റെ പ്രതികരണം.

To advertise here,contact us