റഷ്യ ചോർത്തുമെന്ന ആശങ്ക; യുക്രെയ്‌നിൽ സർക്കാർ-സൈനിക ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ ടെലഗ്രാമിന് നിരോധനം

രാജ്യ സുരക്ഷയുടെ ഭാഗമായാണ് നിരോധനമെന്ന് യുക്രെയ്ന്‍

കീവ്: യുക്രെയ്നിൽ സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളില്‍ നിന്ന് ടെലഗ്രാം നിരോധിച്ചു. റഷ്യ നടത്തുന്ന നിരീക്ഷണങ്ങളിലെ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് നടപടി. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സിലാണ് ടെലഗ്രാം നിരോധിച്ച വിവരം അറിയിച്ചത്.

ടെലഗ്രാം ഉപയോഗിച്ച് ചാരപ്പണി നടത്താന്‍ റഷ്യന്‍ പ്രത്യേക സേനയ്ക്ക് സാധിക്കുമെന്ന് തെളിവുകളോടെ യുക്രെയ്‌നിന്റെ ജിയുആര്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സി തലവന്‍ കിറിലോ ബുഡനോവ് കൗണ്‍സിലില്‍ അറിയിച്ചിരുന്നുവെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യ സുരക്ഷയുടെ ഭാഗമായാണ് നിരോധനമേര്‍പ്പെടുത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സൈനിക കമാന്റര്‍മാരും, മേഖലാ, സിറ്റീ ഉദ്യോഗസ്ഥരും കൗണ്‍സിലില്‍ പങ്കെടുത്തു.

റഷ്യയിലും യുക്രെയ്‌നിലും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പാണ് ടെലഗ്രാം. മാത്രവുമല്ല, 2022ല്‍ യുക്രെയ്‌നില്‍ റഷ്യ ആരംഭിച്ച അധിനിവേശം മുതല്‍ വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്ന പ്രധാന ആപ്പ് കൂടിയാണ് ടെലഗ്രാം. ജോലിയുടെ ഭാഗമായി ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ നിരോധനം ബാധകമല്ല. ഫോണില്‍ നിന്ന് നീക്കം ചെയ്യുന്ന ഫയലുകള്‍ ഉള്‍പ്പെടെ വ്യക്തിപരമായ വിവരങ്ങളും റഷ്യയ്ക്ക് ചോര്‍ത്താമെന്നാണ് തെളിവുകളോടെ ബുഡനോവ് കൗണ്‍സിലില്‍ അറിയിച്ചത്. 'അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ എപ്പോഴും പിന്തുണക്കുന്നു. എന്നാല്‍ ടെലഗ്രാമിലെ വിഷയം അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു'; അദ്ദേഹം പറഞ്ഞു.

അതേസമയം യുക്രെയ്‌ന്റെ തീരുമാനത്തിന് പിന്നാലെ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അറിയിച്ചു. റഷ്യ ഉള്‍പ്പെടെ ഒരു രാജ്യത്തിനും ടെലഗ്രാം വിവരങ്ങള്‍ ചോര്‍ത്തി നല്‍കാറില്ലെന്നും നീക്കം ചെയ്യുന്ന സന്ദേശങ്ങള്‍ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെടുമെന്നും അത് തിരിച്ചെടുക്കാന്‍ സാങ്കേതികമായി സാധിക്കില്ലെന്നും ടെലഗ്രാം അറിയിച്ചു.

ടെലിമെട്രിയോ ഡാറ്റാബേസ് പ്രകാരം ഏകദേശം 33,000 ടെലഗ്രാം ചാനലുകള്‍ യുക്രെയ്‌നില്‍ പ്രവര്‍ത്തനക്ഷമമാണ്. ആശയ വിനിമയത്തിന് വേണ്ടി 75 ശതമാനത്തോളം വരുന്ന യുക്രെയ്ന്‍ ജനത ടെലഗ്രാം ഉപയോഗിക്കുന്നുവെന്നും അതില്‍ 72 ശതമാനവും ടെലഗ്രാമിന്റെ പ്രധാനപ്പെട്ട സ്രോതസ്സായി കണക്കാക്കുന്നുവെന്നും യുക്രെയ്‌നിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,

To advertise here,contact us