നേപ്പാളില്‍ പ്രളയക്കെടുതി; 193 മരണം, 31ഓളം പേരെ കാണാതായി, 4000ത്തോളം പേരെ രക്ഷിച്ചതായി സൈന്യം

രണ്ട് പതിറ്റാണ്ടിനിടയിലുള്ള കനത്ത മഴയാണ് നേപ്പാളില്‍ രേഖപ്പെടുത്തിയത്

കഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ ഇതുവരെ 193 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രളയത്തില്‍ 31 പേരെ കാണാതായെന്നും നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിനിടയില്‍ പെയ്ത കനത്ത മഴയില്‍ കഠ്മണ്ഡുവിലെ മുഴുവന്‍ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്ന് കഠ്മണ്ഡു പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണുള്ളത്.

ഹൈവേകളില്‍ കുടുങ്ങിയവരുള്‍പ്പെടെയുള്ളവരുടെ കണ്ടെത്തലും രക്ഷിക്കലുമാണ് ആദ്യത്തെ മുന്‍ഗണനയെന്ന് ആഭ്യന്ത്ര മന്ത്രാലയം വക്താവ് റിഷി റാം തിവാരി പറഞ്ഞു. ഹെലികോപ്റ്ററുകളും ബോട്ടുകളും ചങ്ങാടങ്ങളും ഉപയോഗിച്ച് 4,000ത്തോളം ആളുകളെ രക്ഷിച്ചതായി നേപ്പാള്‍ സൈന്യം അറിയിച്ചു. കഠ്മണ്ഡുവിലേക്കുള്ള വഴികളിലെ മണ്‍കൂനകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നുണ്ട്.

14 ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ശനിയാഴ്ച രാവിലെ മുതല്‍ നേപ്പാളില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തതെന്ന് നേപ്പാള്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കഠ്മണ്ഡു വിമാനത്താവളത്തിലെ മോണിറ്റര്‍ സ്‌റ്റേഷനില്‍ 240 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 2002 മുതലുള്ള ഏറ്റവും വലിയ കണക്കാണിത്. ഈ വര്‍ഷം മഴ കാരണമുള്ള ദുരന്തങ്ങളില്‍ നേപ്പാളില്‍ ആകെ 300 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമെന്ന് നേപ്പാല്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റ് പറഞ്ഞു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്‍സൂണ്‍ കാലത്ത് ദക്ഷിണേഷ്യയില്‍ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണെന്ന് വിദഗ്ദര്‍ നിരീക്ഷിക്കുന്നു.

To advertise here,contact us