ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഹിസ്ബുള്ള; പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി ഖമനയി

മേഖലയിൽ സമാധാനം സൃഷ്ടിക്കാൻ പാശ്ചാത്യശക്തികൾ മേഖല വിടണമെന്ന് ഖമനയി പറഞ്ഞു

ടെൽ അവീവ്: ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഹിസ്ബുളളയും ഹൂതികളും. ഹിസ്ബുള്ള ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഇസ്രയേൽ കരസേന ആക്രമണം പ്രഖ്യാപിച്ചതിന് ശേഷം നേർക്കുനേർ നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്. ലെബനൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെയായിരുന്നു ആക്രമണമുണ്ടായത്.

ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ റോക്കറ്റ് ആക്രണം വിജയകരമായെന്ന് ഹൂതികളും അറിയിച്ചിരുന്നു. പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ആക്രമണമെന്നും ഹൂതി മിലിട്ടറി വക്താവ് യഹ്‌യ സാരി പറഞ്ഞു. വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ഇസ്രയേലിനെ ആക്രമിച്ചതിന് ശേഷം യുഎസിനെയും പാശ്ചാത്യരാജ്യങ്ങളെയും കുറ്റപെടുത്തി ഇറാന് പരമോന്നത നേതാവ് ആയത്തുളള ഖമനയി രം​ഗത്തെത്തിയിരുന്നു. മേഖലയിൽ സമാധാനം സൃഷ്ടിക്കാൻ പാശ്ചാത്യശക്തികൾ മേഖല വിടണമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻറെ ഉന്നത ഉദ്യോഗസ്ഥരുമായി ഖമനയി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ലെബനനിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സ്പെയിൻ പ്രതിരോധ മന്ത്രി മാർ​ഗരീറ്റ റോബിൾസ് അറിയിച്ചു. രണ്ട് സൈനിക വിമാനങ്ങൾ എത്തിക്കാനാണ് നീക്കം.

ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിൽ ഇസ്രയേൽ നേരത്തെ കരയുദ്ധത്തിന് തുടക്കമിട്ടിരുന്നു. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇസ്രയേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഇസ്രയേലിന് നേരെ ഇറാൻ 400ൽ അധികം മിസൈലുകൾ പ്രയോഗിച്ചതാാണ് റിപ്പോർട്ട്. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നുമാണ് സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേൽ ആണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഇറാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

ഇസ്രയേലിന് നേരെയുള്ള ആക്രമണം ഇറാൻ താത്ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇതൊരു ഉദാഹരണം മാത്രമാണെന്നും അബ്ബാസ് അരാഗ്ച്ചി എക്‌സിൽ വ്യക്തമാക്കി. ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാൽ തങ്ങളുടെ പ്രതികരണം ഇതിലും കടുത്തതും ശക്തിയുള്ളതുമായിരിക്കുമെന്നും അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

To advertise here,contact us