ഇറാൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ പിന്തുണയ്ക്കില്ല; ജോ ബൈഡൻ

ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്നും ബൈഡൻ

വാഷിങ്ടൺ: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പിന്തുണയ്ക്കില്ലെന്ന് യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് ശേഷം ഇസ്രയേലിന് പൂർണ പിന്തുണയുമായി അമേരിക്കയും രം​ഗത്ത് എത്തിയിരുന്നു. ഇസ്രയേലിന് നേരെ ഇറാൻ തൊടുത്ത മിസൈലുകളെ വെടിവെച്ചിടാനും ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. സ്വയം പ്രതിരോധത്തിന് എല്ലാ സഹായവും ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു. ഇറാന്റെ ആക്രമണത്തിന് മറുപടി നൽകണം. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു. അതേസമയം ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇറാന്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ജെറുസലേമില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു നെതന്യാഹു നിലപാട് അറിയിച്ചത്.

ലെബനനിൽ ഇസ്രയേൽ കര ആക്രമണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കൊല്ലപ്പെട്ടത് 45 പേരാണ് ഈ സാഹചര്യത്തിൽ ലെബനനിലെ തങ്ങളുടെ പൗരന്മാർക്ക് അമേരിക്കയും പല പാശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

To advertise here,contact us