ടെക്സസ്: ബഹിരാകാശ വിക്ഷേപണത്തിൽ ചരിത്രം കുറിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് വലിയ നേട്ടം. സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. റോക്കറ്റിന്റെ ഒന്നാം ഘട്ടത്തെ ലോഞ്ച് പാഡിൽ തിരിച്ചിറക്കിക്കൊണ്ടാണ് ചരിത്രം കുറിച്ചത്. രണ്ടാം ഭാഗം ബഹിരാകാശ യാത്രയ്ക്കുശേഷം ഭൂമിയിൽ പ്രവേശിച്ചു. സ്റ്റാര്ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്ഭാഗം വിക്ഷേപിച്ച് മിനുട്ടുകൾക്കുള്ളിലാണ് ലോഞ്ച് പാഡിൽ തിരിച്ചിറക്കിയത്. ബഹിരാകാശ വിക്ഷേപണ ചരിത്രത്തിൽ തന്നെ നിർണ്ണായകമാണ് ഈ വിജയം.
സ്പേസ് എക്സിന്റെ നേട്ടത്തിന്റെ വീഡിയോ എലോൺ മസ്ക് എക്സിൽ പങ്കുവച്ചു. ടെക്സസിലെ ബ്രൗണ്സ്വില്ലിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് ഏഴ് മിനുട്ടിന് ശേഷം ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരിച്ചെത്തി. 232 അടിയാണ് ബൂസ്റ്ററിന്റെ നീളം ബൂസ്റ്ററുകൾ ലോഞ്ച് പാഡിലേക്കെത്തുമ്പോൾ പിടിച്ചിറക്കാൻ ചോപ്സ്റ്റിക്കുകൾ എന്ന് പേരിട്ട വലിയ ലോഹക്കൈകൾ ഉണ്ടായിരുന്നു.
റോക്കന്റിന്റെ ഒന്നാം ഭാഗത്തെ വിജയകരമായി ലാന്റ് ചെയ്യിക്കുക എന്ന ദൗത്യമാണ് സ്റ്റാർഷിപ്പ് നിർവ്വഹിച്ചത്. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്പെട്ട ശേഷം ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില് വിജയകരമായി ലാന്ഡ് ചെയ്യിക്കാൻ സ്പേസ് എക്സിനായി എന്നതാണ് ചരിത്ര നേട്ടം. 121 മീറ്ററാണ് സ്റ്റാർഷിപ്പിന്റെ ഉയരം. 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്തുക്കള് ബഹിരാകാശത്തേക്ക് അയയ്ക്കാൻ സ്റ്റാർഷിപ്പിനാകും എന്നതാണ് പ്രത്യേകത.
Starship rocket booster caught by tower pic.twitter.com/aOQmSkt6YE
Content Highlights: SpaceX makes history catches giant Starship booster