'ഞങ്ങൾ എപ്പോഴും ചുറ്റിലുണ്ട്, വിത്ത് ലവ് ഫ്രം ചൈന'; തായ്‌വാനെ 'ഹൃദയത്തിൽ' ചുറ്റി ചൈന, ഫോട്ടോ വൈറൽ

ഇതാദ്യമായല്ല തായ്‌വാനെ പ്രകോപിപ്പിക്കാൻ ചൈന ഇത്തരത്തിൽ ഡ്രില്ലുകൾ നടത്തുന്നത്

തായ്‌വാന്‍-ചൈന സംഘർഷത്തിനിടിയെ ചൈനീസ് കോസ്റ്റ് ഗാർഡ് പങ്കുവെച്ച ചിത്രം വൈറലാകുന്നു. തായ്‌വാന്‍ ദ്വീപിനെ ചുറ്റുന്ന ഹൃദയരൂപത്തിലുള ചിത്രവും അതിനൊപ്പം പങ്കുവെച്ച അടിക്കുറിപ്പും ഒരേസമയം കൗതുകവും അമ്പരപ്പുമുണ്ടാക്കിയിട്ടുണ്ട്. തായ്‌വാന് മേലുള്ള ചൈനയുടെ അവകാശവാദവും സൈനീക നീക്കങ്ങളും ആശങ്കയോടെ ലോകം കാണുന്ന ഘട്ടത്തിലാണ് ഈ ചിത്രങ്ങൾ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്.

'ഹാർട്ടി'ന്റെ രൂപത്തിലാണ് ചൈനീസ് കോസ്റ്റ് ഗാർഡ് തായ്വാൻ ദ്വീപിനെ ചുറ്റിവന്നത്. 'ജോയിന്റ് സ്‍വേഡ് 2024ബി' എന്ന പേരിൽ നടന്ന ഈ ഡ്രിൽ തായ്‌വാന്റെ മേൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഡില്ലിൻ്റെ ഒരു സാറ്റലൈറ്റ് ഇമേജ് പിന്നീട് പങ്കുവെച്ചു കൊണ്ടാണ്, 'ഹേർട്ട്' ഷേപ്പിലാണ് ഡ്രിൽ നടന്നതെന്ന് ചൈനീസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയത്. 'ഹലോ മൈ സ്വീറ്റ്ഹാർട്ട്, ഈ പട്രോളിംഗ് നിങ്ങളെ ഞങ്ങൾ ഇഷ്ടപ്പെടുന്ന രൂപത്തിലാണ്' എന്നും ചൈന തങ്ങളുടെ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കുറിച്ചു.

തായ്‌വാനീസ് ജനതയെ ഞങ്ങൾ ഇഷ്ടപ്പെടുന്നുവെന്ന് സൂചിപ്പിച്ച് ചൈന നടത്തിയ ഈ ഡ്രില്ലിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ഈ ചിത്രവും അടിക്കുറിപ്പും സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വൈറലായതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സോഷ്യൽ മീഡിയ 'യുദ്ധ'ത്തിനും കാരണമായിട്ടണ്ട്. തായ്‌വാനീസ് ജനത ഈ ഡ്രില്ലിനെ അസഹനീയമെന്നും, സഹിക്കാനാകാത്തതെന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇത് ഒരു ' സെക്ഷ്വൽ ഹരാസ്മെന്റ്' ആണെന്നാണ് ഒരു തായ്‌വാനീസ് പത്രം ചൈനയുടെ ഈ ചിത്രത്തിന് മറുപടി നൽകിയത്. തായ്‌വാനെ തങ്ങളോട് അടുപ്പിക്കാനുളള ചൈനയുടെ പീഡിപ്പിക്കൽ തന്ത്രമാണിതെന്നാണ് തായ്‌വാനെ നേതൃത്വത്തിൻ്റെ പ്രതികരണം.

ഇതാദ്യമായല്ല തായ്‌വാനെ പ്രകോപിപ്പിക്കാൻ ചൈന ഇത്തരത്തിൽ ഡ്രില്ലുകൾ നടത്തുന്നത്. നേരത്തെ മെയ് മാസത്തിൽ 'ജോയിന്റ് സ്‍വേഡ് 2024എ' എന്ന പേരിൽ തായ്‌വാനെ ചൈന 'ചുറ്റി'യിരുന്നു. തായ്‌വാന്റെ പുതിയ പ്രസിഡന്റായി വില്യം ലായ് ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ ഈ പ്രകോപനം. ശേഷമാണ് തായ്‌വാൻ്റെ ദേശീയ ദിനത്തിന് തൊട്ടുപിന്നാലെയുള്ള ഈ ഡ്രിൽ. എന്നാൽ ഈ ഡ്രില്ലുകൾ ഇനിയും തുടരുമെന്നും, ഒറ്റ ചൈന പോളിസി നടപ്പാക്കുന്ന വരേയ്ക്കും ഇവ നിർത്തില്ലെന്നുമാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

Content Highlights: china conducts drills around taiwan at heart shape

To advertise here,contact us