തിരിച്ചടിക്കുമെന്ന ഇറാൻ്റെ ഭീഷണിക്കിടെ ഇസ്രയേൽ മന്ത്രിസഭാ യോഗം ചേർന്നത് ഭൂഗർഭ കേന്ദ്രത്തിൽ

ജറുസലേമിലെ സ‍ർക്കാർ സമുച്ചയത്തിലെ സുരക്ഷിതമായ ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ യോ​ഗം ചേ‍‌ർന്നത്

ഇറാൻ്റെ തിരിച്ചടി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേൽ മന്ത്രിസഭാ യോ​ഗം ചേ‌ർന്നത് ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ. ഇസ്രയേലി ഇൻ്റലിജൻസ് ഏജൻസിയായ ഷിൻ ബിറ്റിൻ്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് മന്ത്രിസഭാ യോ​ഗം ജറുസലേമിലെ സ‍ർക്കാർ സമുച്ചയത്തിലെ സുരക്ഷിതമായ ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ യോ​ഗം ചേ‍‌ർന്നത്.

ഇസ്രയേലിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരായ ഭീഷണികൾ ശക്തമായതിനാലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീടിന് നേരെ കഴിഞ്ഞയാഴ്ച ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയതിൻ്റെ വെളിച്ചത്തിലുമായിരുന്നു ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ മന്ത്രിസഭാ യോ​ഗം ചേരാൻ തീരുമാനിച്ചത്.

ഇത്തരത്തിലൊരു നീക്കം അവസാനത്തേതാകില്ലെന്നാണ് സർക്കാർ വ‍ൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ലൊക്കേഷനുകൾ മാറിമാറിയായിരിക്കും മന്ത്രിസഭാ യോ​ഗം ചേരുകയെന്നാണ് റിപ്പോർട്ട്. ഭൂ​ഗർ‌ഭ കേന്ദ്രത്തിൽ മന്ത്രിസഭാ യോ​ഗം ചേരാനുനുള്ള തീരുമാനം രാവിലെ മാത്രമാണ് മന്ത്രിമാരെ അറിയിച്ചത്. സ്ഥലപരിമിതി മൂലം മന്ത്രിസഭാ യോ​​ഗം നടക്കുന്നിടത്തേയ്ക്ക് മന്ത്രിമാരുടെ ഉപദേശകരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.

ഈ മാസം ആദ്യം സിസേറിയയിലെ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിക്ക് നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഹിസ്ബുള്ള വിക്ഷേപിച്ച മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം റോഷ് ഹനിക്ര, നഹാരിയ എന്നിവിടങ്ങളിൽ വെച്ച് ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്തിരുന്നു. എന്നാൽ മൂന്നാമത്തെ ഡ്രോൺ ഇസ്രയേലിൻ്റെ പ്രതിരോധസംവിധാനങ്ങളെ മറികടന്ന് നെതന്യാഹുവിൻ്റെ സ്വകാര്യ വസതിയിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒക്‌ടോബർ ഒന്നിന് ഇസ്രയേലിനുനേരെ തെഹ്‌റാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ ഇന്ന് താക്കീത് നൽകിയിരുന്നു. കയ്പേറിയ അനന്തരഫലങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സിൻ്റെ മേധാവി ഹുസൈൻ സലാമിയുടെ മുന്നറിയിപ്പ്.

Content Highlights: Israeli Cabinet meeting moved to secure underground location in wake of drone attack on PM’s home

To advertise here,contact us