'രണ്ട് സ്ഥാനാർഥികൾക്കും പിന്തുണയില്ല', നിലപാട് മാറ്റത്തിൽ വാഷിംഗ്ടൺ പോസ്റ്റിന് രണ്ട് ലക്ഷം വരിക്കാരെ നഷ്ടം

വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളിൽ ആരെയും പ്രത്യക്ഷത്തിൽ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ തീരുമാനത്തിന് തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്

വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളിൽ ആരെയും പ്രത്യക്ഷത്തിൽ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ തീരുമാനത്തിന് തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. തീരുമാനത്തെ തുടർന്ന് വാഷിംഗ്ടൺ പോസ്റ്റിന് രണ്ട് ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്രത്തിന്റെ ഉടമയും ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് കഴിഞ്ഞയാഴ്ചയാണ് ഒരു സ്ഥാനാർഥിയെയും പാർട്ടിയെയും പ്രത്യക്ഷത്തിൽ പിന്തുണയ്‌ക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.

പത്രത്തിൻ്റെ എഡിറ്റോറിയൽ ടീം നേരത്തെ ഡെമോക്രാറ്റിക് നോമിനി കാമല ഹാരിസിനെ അംഗീകരിക്കാൻ തയ്യാറായിരുന്നു, എന്നാൽ സ്ഥാനാർഥികളെയും പാർട്ടിയെയും അംഗീകരിക്കാനും പിന്തുണയ്ക്കാനുമുള്ള പൂർണ്ണ അവകാശം വായനക്കാരന് നൽകുന്നുവെന്ന കുറിപ്പോടെ ഒക്ടോബർ 25 ന് മുഖ്യ പ്രസാധകൻ വിൽ ലൂയിസ് വാഷിംഗ്ടൺ പോസ്റ്റിന്റെ പുതിയ നിലപാട് എഡിറ്റോറിയൽ പേജിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെ വരിക്കാരെ നഷ്ടമായെന്നാണ് റിപ്പോർട്ട്.

അതേസമയം റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ബ്ലൂ ഒറിജിൻ സിഇഒ ഡേവ് ലിംപും ഒക്ടോബർ 25 ന് നടത്തിയ കൂടിക്കാഴ്ചയുമായി തീരുമാനത്തിന് ബന്ധമില്ലെന്ന് ജെഫ് ബെസോസ് പ്രതികരിച്ചു. നിഷ്പക്ഷത കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: Washington Post loses 2 lakh subscribers amid Harris endorsement row: Report

To advertise here,contact us