കസേരയൊഴിയാൻ തയ്യാറായി ബൈഡനും കമലയും; ട്രംപിന് അഭിനന്ദനം

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ രംഗത്തെത്തിയിരുന്നു

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ സ്ഥാനമാറ്റത്തിനുള്ള പ്രക്രിയകൾ വൈറ്റ് ഹൗസിൽ സജീവമായിത്തുടങ്ങി. നിലവിലെ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക്ക് സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസും ട്രംപിനെ വിളിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അധികാരം കൈമാറുന്നതിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

തോൽവിക്ക് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത കമല ഹാരിസ്, തോൽവി സമ്മതിക്കുകയാണെന്നും എന്നാൽ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനുമായി എന്നും ജാഗരൂകരായിരിക്കണമെന്നും ജനങ്ങളോട് കമല പറഞ്ഞു.' ഒരുപാട് ജനങ്ങൾ ഒരു കറുത്ത ഏടിലൂടെയാണ് രാജ്യം പോകുന്നത് എന്നാണ് കരുതുന്നതെന്ന് എനിക്ക് അറിയാം. പക്ഷെ അതല്ല സാഹചര്യം എന്ന് നിങ്ങൾ മനസിലാക്കണം. അമേരിക്കയെ നമുക്ക് ഇനിയും ഒരുപാട് മുന്നോട്ടു കൊണ്ടുപോകാനുണ്ട്. ഈ തിരഞ്ഞെടുപ്പിൽ നമ്മൾ മികച്ച മത്സരം കാഴ്ചവെച്ചുവെന്നത് തന്നെ അഭിമാനമാണ്', പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കമല പറഞ്ഞു.

Also Read:

International
'ഞാനൊരു അമേരിക്കക്കാരി ആയിരുന്നെങ്കിൽ ട്രംപിന് വോട്ട് ചെയ്യുമായിരുന്നു'; അഭിനന്ദിച്ച് കങ്കണ

അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും മോദി കുറിച്ചു. 'നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം', മോദി കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നേടിയത്. ഡിസംബറിലാകും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുക. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമെന്ന് പറയാവുന്ന നിലയിലായിരുന്നു ട്രംപിൻ്റെ മുന്നേറ്റം. വേട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ സ്വിങ്ങ് സ്റ്റേറ്റുകളിൽ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. സ്വിങ്ങ് സ്റ്റേറ്റുകളിൽ ട്രംപ് കാഴ്ചവെച്ച മികച്ച പ്രകടനം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നി‍ർണ്ണായകമായി. ഇതുവരെ പുറത്ത് വന്ന ഫലസൂചന പ്രകാരം സെനറ്റിലേയ്ക്കും ജനപ്രതിനിധി സഭയിലേയ്ക്കും റിപ്പബ്ലിക്കൻ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്.

Content Highlights: Biden and Kamala Harris congratulates trump

To advertise here,contact us