ജില്‍ ബൈഡന്റെ ചായ വിരുന്ന് നിഷേധിച്ച് മെലാനിയ ട്രംപ്; നിരസിച്ചത് അമേരിക്കയുടെ പരമ്പരാഗത ചടങ്ങ്

പ്രസിഡന്റിന്റെ അധികാര കൈമാറ്റത്തിനൊപ്പം പ്രഥമ വനിത അവരുടെ പിന്‍ഗാമിയായി വരുന്നയാള്‍ക്ക് ചായ വിരുന്നും നടത്തുന്നതാണ് അമേരിക്കയുടെ രീതി

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പ്രഥമ വനിത ജില്‍ ബൈഡന്റെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പാരമ്പര്യമായി നടക്കുന്ന വിരുന്നില്‍ നിന്നാണ് മെലാനിയ വിട്ടുനില്‍ക്കുന്നത്. പൊതുവേ നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് ഓവല്‍ ഓഫീസില്‍ (അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗം) വെച്ച് വിരുന്ന് നല്‍കും. അതേ സമയം പ്രഥമ വനിത അവരുടെ പിന്‍ഗാമിയായി വരുന്നയാള്‍ക്ക് ചായ വിരുന്നും നടത്തുന്നതാണ് രീതി. സമാധാനപരമായ അധികാര കൈമാറ്റമാണ് ഇതിലൂടെ അമേരിക്ക പ്രതിഫലിപ്പിക്കുന്നത്.

2016ലെ തിരഞ്ഞെടുപ്പിന് ശേഷം മിഷേല്‍ ഒബാമ മെലാനിയ ട്രംപിന് യെല്ലോ മുറിയില്‍ വിരുന്ന് നല്‍കിയിരുന്നു. എന്നാല്‍ 2020ലെ തിരഞ്ഞെടുപ്പില്‍ താനാണ് ശരിയായ വിജയിയെന്ന ഡോണാള്‍ഡ് ട്രംപിന്റെ അവകാശ വാദങ്ങള്‍ നിലനിന്നിരുന്നതിനാല്‍ മെലാനിയ ട്രംപ് ജില്‍ ബൈഡന് വിരുന്ന് നല്‍കിയിരുന്നില്ല.

കഴിഞ്ഞ ആഴ്ചയാണ് ജില്‍ ബൈഡന്‍ മെലാനിയ ട്രംപിന് ഔദ്യോഗിക ക്ഷണം നല്‍കിയത്. നാളെ രാവിലെ 11 മണിക്ക് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപും ബൈഡനും ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും മെലാനിയയും ജില്ലും ഫോണ്‍ വിളിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് വേണ്ടി മെലാനിയ ട്രംപിനെ പലരും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ റോസലിന്‍ കാര്‍ട്ടര്‍ മരിച്ചപ്പോഴാണ് ജില്‍ ബൈഡനും മെലാനിയ ട്രംപും അവസാനമായി പരസ്പരം കണ്ടത്. ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രഥമ വനിതകളും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Content Highlights: Melania Trump denies invitation of Jill Biden

To advertise here,contact us