ചുബനം നിരസിച്ചു, മുഖത്തടിച്ചു; ബ്രസീലില്‍ സഹപ്രവര്‍ത്തകയെ കഴുത്തു ഞെരിച്ച് കൊന്നു, പ്രതി അറസ്റ്റില്‍

നാല് മക്കളുടെ അമ്മയായ 38കാരിയെയാണ് ചുംബിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്

ബ്രസീലിയ: ബ്രസീലില്‍ ചുംബനം നിരസിച്ച സഹപ്രവര്‍ത്തകയെ കഴുത്തു ഞെരിച്ച് കൊന്നു. സിന്റിയ റിബെയ്‌റോ ബാര്‍ബോസയെന്ന നാല് മക്കളുടെ അമ്മയായ 38കാരിയെയാണ് ചുംബിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനായ മാര്‍സെലോ ജൂനിയര്‍ ബാസ്‌റ്റോസ് സാന്റോസ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ദാരുണ സംഭവം.

സാന്റോസ് ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ ബാര്‍ബോസ ഇയാളുടെ മുഖത്തടിച്ചിരുന്നു. പിന്നാലെ സാന്റോസ് ബാര്‍ബോസയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടതിന് പിന്നാലെ ബാര്‍ബോസയുടെ കൈകള്‍ കെട്ടിയിട്ട് ആള്‍താമസമില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ചു.

കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ബാര്‍ബോസയുടെ മൃതദേഹം കണ്ടെത്തിയത്. കൊല നടന്ന ദിവസം സാന്റോസ് മണ്‍വെട്ടി അന്വേഷിച്ച് അയല്‍വാസികളുടെ അടുത്ത് ചെന്നിരുന്നുവെന്ന് അറിഞ്ഞ പൊലീസ് ഇയാളെ സംശയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളാണ് കൊല നടത്തിയതെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Content Highlights: Co worker killed a women for refused kissing in Brazil

To advertise here,contact us