'ഇസ്രയേലിനെതിരെ നേടിയത് വിശുദ്ധ വിജയം'; വെടിനിർത്തലിൽ പ്രതികരണവുമായി ഹിസ്ബുള്ള മേധാവി

ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 100ഓളം പലസ്തീനികൾ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനി‍ർത്തൽ കരാറിന് പിന്നാലെ വിശുദ്ധവിജയം നേടിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള മേധാവി നയീം ഖാസിം. ഹിസ്ബുള്ളയുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉയ‍ർത്തിപ്പിടിച്ചാണ് വെടിനി‍ർത്തൽ കരാറെന്നും ഹിസ്ബുള്ള മേധാവി വ്യക്തമാക്കി. 2006ലെ വിജയത്തേക്കാൾ വലിയ വിജയമാണ് ഹിസ്ബുള്ള നേടിയിരിക്കുന്നതെന്നും നയീം ഖാസിം വ്യക്തമാക്കി.

വെടിനിർത്തൽ പ്രഖ്യാപിച്ച ദിവസം താൻ പ്രസംഗം നടത്തേണ്ടതായിരുന്നുവെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്നതിനോട് ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാനായിരുന്നു തനിക്ക് താൽപ്പര്യമെന്നും നസീം ഖാസിം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണെന്ന് ആരോപണങ്ങൾ ഉയ‌ർന്നിരുന്നു. ഇസ്രയേൽ സൈന്യം ലെബനൻ പൗരന്മാർക്ക് നേരെ ഇന്ന് വെടിയുതിർക്കുകയും ലെബനൻ ഗ്രാമങ്ങളിലേക്ക് മെർക്കാവ ടാങ്കുകൾ ഉപയോ​ഗിച്ച് ഷെല്ലുകൾ വിക്ഷേപിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന സൂചനയാണ് നയീമിൻ്റെ പ്രസം​ഗത്തിൽ നിന്ന് വ്യക്തമാകുന്നതെന്നും നിരീക്ഷണങ്ങളുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ലെബനീസ് സമൂഹവുമായി കൂടുതൽ സമന്വയിക്കാൻ ഒരുക്കമാണെന്ന നിലപാട് കൂടിയാണ് നയീം പങ്കുവെച്ചതെന്നാണ് വിലയിരുത്തൽ. നിലവിലെ കരാ‍ർ അനുസരിച്ച് ലെബനീസ് സൈന്യത്തിന് വിധേയരായി നിന്ന് ഹിസ്ബുള്ള പ്രവ‍ർത്തിക്കുമോ അതോ ഇസ്രയേലിനെ വെല്ലുവിളിക്കാൻ ശേഷിയുള്ള തെക്കൻ ലെബനനിലെ സായുധശക്തിയായി നിലനിൽക്കുമോ എന്നത് പ്രധാനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Also Read:

Kerala
ജി സുധാകരൻ്റെ അവസ്ഥ ദയനീയം; പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് വര്‍ഗീയശക്തികൾ: ബിജെപിയിൽ ചേർന്ന ബിബിന്‍ സി ബാബു

ഇതിനിടെ ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 100ഓളം പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ​ഗാസയിലെ ബെയ്ത് ലെഹിയയിലെ രണ്ട് വീടുകൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണത്തിൽ 75 പേർ കൊല്ലപ്പെട്ടു. ഇതിനിടെ പട്ടിണി കൊണ്ടും ദുരിതം കൊണ്ടും ​ഗതികെട്ട അവസ്ഥയിലാണെന്നാണ് പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ വ്യക്തമാക്കുന്നത്.

ഇസ്രയേൽ സൈന്യം വെടിനി‌ർത്തൽ ലംഘിച്ചതായി നേരത്തെ ലെബനൻ സൈന്യം ആരോപിച്ചിരുന്നു. തെക്കൻ ലെബനനിലെ അതി‍ർത്തി പ്രദേശങ്ങളിൽ ഇസ്രയേലി സൈന്യം ആറ് വട്ടം വെടിയുതിർത്തെന്നാണ് ലെബനൻ സൈന്യത്തിൻ്റെ ആരോപണം. വെടിനി‍ർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിലെ അതി‍ർത്തി പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയ ലൈബനീസ് വംശജർക്ക് നേരെ വെടിയുതി‍ർത്തെന്നാണ് സൈന്യത്തിൻ്റെ ആരോപണം. വീടുകളിലേയ്ക്ക് മടങ്ങുന്നവർക്കൊപ്പം ഹിസ്ബുള്ള പോരാളികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേൽ സൈന്യത്തിൻ്റെ നടപടി.

ഇതിനിടെ ഇസ്രയേൽ സൈന്യം വീണ്ടും തെക്കൻ ലെബനനിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മുമ്പ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിൽ നിന്ന് ലെബനൻ ജനതയോട് വിട്ടുനിൽക്കണമെന്ന് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. ഏകദേശം 500 ചതുരശ്ര കിലോമീറ്റർ (193 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള തെക്കൻ ലെബനനിലെ 62 ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിനെതിരെയും ഇസ്രായേലി സൈനിക വക്താവ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read:

Kerala
സിപിഐഎമ്മിൽ 'തർക്കകാലം'!, തിരുവല്ലയിലും വിഭാഗീയത രൂക്ഷം; ലോക്കൽ,ഏരിയ കമ്മിറ്റികൾ രണ്ടുതട്ടിൽ

ബുധനാഴ്ച പുലർച്ചെ മുതൽ നിലവിൽ വന്ന ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തലിന് മുൻകൈ എടുത്തത് അമേരിക്കയും ഫ്രാൻസുമാണ്. സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബോഡൻ തന്നെയാണ് വെടിനിർത്തൽ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കയും ഫ്രാൻസും മുൻകൈ എടുത്ത് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാറിലെ ധാരണകൾ പത്തിനെതിരെ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഇസ്രയേൽ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇസ്രയേലിലെ പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. ഏതാണ്ട് പതിനാല് മാസത്തോളം നീണ്ട ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൽ 3823 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

നിലവിലെ കരാർ പ്രകാരം 60 ദിവസത്തിനുള്ളിൽ ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നും പിൻവാങ്ങും. ഹിസ്ബുള്ള പോരാളികൾ ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ പിന്മാറുന്നതോടെ ഐഡിഎഫ് ലെബനനിൽ നിന്നും പൂർണ്ണമായും പിൻവാങ്ങും. ലെബനൻ സൈന്യം ഇസ്രായേലുമായുള്ള അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ലിതാനി നദിയുടെ തെക്ക് ഭാഗത്ത് ഹിസ്ബുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 5,000 സൈനികരെയെങ്കിലും വിന്യസിക്കുകയും ചെയ്യുമെന്നും വെടിനിർത്തൽ കരാർ വിഭാവനം ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ഒരു ബഹുരാഷ്ട്ര സമിതിയും ഹിസ്ബുള്ളയുടെ നീക്കങ്ങൾ നിരീക്ഷിക്കും.

Content Highlights: Divine victory even greater than that of July 2006 Hezbollah chief Naim Qassem

To advertise here,contact us