മഞ്ഞുരുകുമോ; ഷി ജിൻപിങ്ങുമായി സംസാരിച്ചെന്ന് ഡൊണാൾഡ് ട്രംപ്

എൻബിസിയുടെ മീറ്റ് ദി പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷി ജിൻപിങ്ങുമായി നടത്തിയ ആശയവിനിമയത്തെക്കുറിച്ച് ട്രംപ് വെളിപ്പെടുത്തിയത്

ന്യൂയോർക്ക്: ചൈനീസ് പ്രസിഡ‍ൻ്റ് ഷി ജിൻപിങ്ങുമായി ആശയ വിനിമയം നടത്തിയെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനലോകനേതാക്കളുമായെല്ലാം ആശയവിനിമയം നടത്തിയ ട്രംപ് പക്ഷെ ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയിരുന്നില്ല. മാത്രമല്ല ചൈനക്കെതിരെ നിലപാട് കടുപ്പിക്കുമെന്ന സൂചനകളും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയെന്ന ഡൊണാൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തൽ ശ്ര​ദ്ധേയമാകുന്നത്. ‌എൻബിസിയുടെ മീറ്റ് ദി പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷി ജിൻപിങ്ങുമായി നടത്തിയ ആശയവിനിമയത്തെക്കുറിച്ച് ട്രംപ് വെളിപ്പെടുത്തിയത്.

'എനിക്ക് പ്രസിഡൻ്റ് ഷിയുമായി വളരെ നല്ല ബന്ധമുണ്ട്. ഞാൻ ആശയവിനിമയം തുടരുന്നു', എന്നായിരുന്നു തായ്‌വാൻ ആക്രമിക്കുന്നതിന് കോപ്പുകൂട്ടുന്ന ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമായി ട്രംപ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം ഷിയുമായി ബന്ധപ്പെട്ടോ എന്ന് ചോദ്യത്തിന് "ഞാൻ മൂന്ന് ദിവസം മുമ്പ് ആശയവിനിമയം നടത്തിയിരുന്നു" എന്നായിരുന്നു ട്രംപിൻ്റെ മറുപടി. എന്നാൽ എപ്പോഴാണ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതെന്നോ എന്തായിരുന്നു ചർച്ചയുടെ ഉള്ളടക്കമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. 2019 ജൂണിൽ ജപ്പാനിൽ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു ഷി ജിൻപിങ്ങും ട്രംപും അവസാനമായി കണ്ടത്.

Also Read:

National
കടൽ കടന്ന് ലക്ഷദ്വീപിലും മദ്യമെത്തി; ബംഗാരം ദ്വീപിൽ 267 കെയ്സ് എത്തിച്ചത് കേരള ബിവറേജസ് കോർപ്പറേഷൻ

നേരത്തെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചൈനയ്‌ക്ക് മേൽ 10% അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഫെൻ്റനൈൽ പോലുള്ള മരുന്നുകളുടെ അമേരിക്കയിലേയ്ക്കുള്ള കടത്തിനെതിരെ ട്രംപ് നിലപാട് സ്വീകരിച്ചിരുന്നു. മെക്‌സിക്കോയിൽ നിന്ന് യുഎസിലേക്ക് വൻതോതിൽ എത്തുന്ന ഫെൻ്റനൈലിന് 10% അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.

ഫെൻ്റനൈൽ പോലുള്ള മരുന്നുകളുടെ അമേരിക്കയിലേയ്ക്കുള്ള ഒഴുക്കിൻ്റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത വർഷം ജനുവരി 20 ന് തൻ്റെ സ്ഥാനാരോഹണ ദിവസം തന്നെ ചൈനയ്ക്കെതിരെ 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. നിലവിൽ ട്രംപ് ഷി ജിൻപിങ്ങുമായി സംസാരിച്ചുവെന്ന് വെളിപ്പെടുത്തിയ അഭിമുഖത്തിൻ്റെ തീയതി പരിശോധിക്കുമ്പോൾ അധികനികുതി സംബന്ധിച്ച പ്രസ്താവനയ്ക്ക് ശേഷമായിരുന്നു ട്രംപ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോ​ഗിച്ച് മെക്സിക്കോയിൽ അനധികൃത ഫെൻ്റനൈൽ നിർമ്മിക്കുകയും തുടർന്ന് മയക്കുമരുന്ന് മാഫിയകൾ അത് അതിർത്തി കടത്തുകയും ചെയ്യുന്നുവെന്നാണ് ദീ‍ഘകാലമായി അമേരിക്കൻ ഉദ്യോ​ഗസ്ഥ‍ർ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Trump Says for First Time He Communicated With Xi After Election

To advertise here,contact us