ലോലമായ ഒരു പൂവാണ് സ്ത്രീയെന്ന് ഖൊമേനി; മറുപടിയായി ഒരു യുവതിയുടെ ചിത്രം പുറത്തുവിട്ട് ഇസ്രയേൽ, ആരാണത്?

ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരെ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമുള്ള ആയത്തൊള്ള ഖൊമേനിയുടെ പ്രസ്താവന വന്നത്.

ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമേനിയ്ക്ക് ചുട്ട മറുപടിയായി ഒരു യുവതിയുടെ ചിത്രം പുറത്തുവിട്ട് ഇസ്രയേൽ. ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരെ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമുള്ള ആയത്തൊള്ള ഖൊമേനിയുടെ പ്രസ്താവന വന്നത്. ഖമേനിയുടെ ഭരണത്തിനുകീഴില്‍ ഇറാനിൽ ഹിജാബ് നിയമങ്ങള്‍ കർശനമായി നടപ്പാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തും നടക്കുന്നത്. ഇതിനു പിന്നാലെയാണ് മറുപടിയുമായി ഇറാൻ രം​ഗത്തെത്തിയിരിക്കുന്നത്.

എക്സിലൂടെയാണ് ഇസ്രയേൽ മറുപടി നൽകിയത്. കറുത്ത വസ്ത്രമണിഞ്ഞ് അതേ നിറത്തിലുള്ള ശിരോവസ്ത്രവുമണിഞ്ഞ ഒരു യുവതിയാണ് ഫോട്ടോയിലുള്ളത്. ഇത് ആരാണെന്നോ എന്തുകൊണ്ടാണ് ഈ ഫോട്ടോ എന്നോ ഒന്നുമുള്ള വിവരങ്ങൾ നൽകാതെയാണ് ഇസ്രയേലിന്റെ എക്സ് പോസ്റ്റ്. ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തിയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ഇസ്രയേലിന്റെ നടപടി. ചിത്രത്തിലുള്ള യുവതി മഹ്സ അമിനിയാണ്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്ത അമിനി കസ്റ്റഡിയിലിരിക്കെ മരിച്ചത് 2022 സെപ്തംബർ 16നാണ്. മഹ്സ അമിനിയോട് പൊലീസ് അതിക്രൂരമായാണ് പെരുമാറിയതെന്നും മാരകമായി മുറിവേറ്റിരുന്നു എന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്റെ പേരിൽ നടന്ന പ്രതിഷേധങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഫോട്ടോയിലുള്ളതാരെന്ന് പ്രത്യേകം വെളിപ്പെടുത്തേണ്ട ആവശ്യവുമില്ല.

ഒരു സ്ത്രീ ലോലമായ ഒരു പൂവ് പോലെയാണ്, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കുന്നതുപോലെ വേണം ഒരു സ്ത്രീയോട് പെരുമാറാൻ. പൂവിനെ നല്ലതു പോലെ പരിചരിക്കേണ്ടതുണ്ട്. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണം എന്നാണ് ഖൊമേനി എക്‌സ് പോസ്റ്റില്‍ കുറിച്ചത്. കുടുംബത്തില്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പങ്കാളിത്തത്തെ കുറിച്ചുള്ള മറ്റൊരു കുറിപ്പും ഖമേനി പങ്കുവച്ചിരുന്നു.

അതേസമയം, വിവാദമായ ഹിജാബ് നിയമം ഇറാൻ ഭരണകൂടം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിയമം താത്ക്കാലികമായി പിൻവലിക്കാൻ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചത്. സ്ത്രീകളും പെൺകുട്ടികളും മുടി, കൈ കാലുകൾ എന്നിവ പൂർണ്ണമായി മറയും വിധത്തിൽ ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടുന്ന നിയമം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു ഇറാൻ അറിയിച്ചിരുന്നത്. 2023 സെപ്തംബറിലാണ് ഇറാൻ പാർലമെന്റ് ഇതു സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. വൻതുക പിഴയും 15 വർഷം വരെ തടവും അടക്കമുള്ള കർശനമായ ശിക്ഷകൾ അനുശാസിക്കുന്ന നിയമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണുണ്ടായത്.

Also Read:

National
'രാഹുൽ ​ഗാന്ധി മോശമായി പെരുമാറി, വേറൊരാൾക്കും ഈ അനുഭവം ഉണ്ടാകരുത്'; പരാതി നൽകി ബിജെപി വനിതാ എംപി
To advertise here,contact us