ദക്ഷിണ കൊറിയ വിമാന അപകടം; കാരണത്തില്‍ അവ്യക്തത തുടരുന്നു; അന്വേഷണത്തിന് പ്രത്യേക സംഘത്തെ അയച്ച് അമേരിക്ക

മോശം കാലാവസ്ഥയും അപകടകാരണമായെന്നാണ് റിപ്പോർട്ട്

സിയോൾ: ദക്ഷിണകൊറിയയിൽ 179 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. ലാൻഡിങ് ഗിയറിൻറെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പക്ഷികൾ ഇടിച്ചതാണോ അപകടകാരണമെന്നതും പരിശോധിച്ചു വരികയാണ്. മോശം കാലാവസ്ഥയും അപകടകാരണമായെന്നാണ് റിപ്പോർട്ട്.

വിമാനത്തിൻറെ ചിറകിൽ പക്ഷി കുടുങ്ങിയെന്ന് യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അന്വേഷണത്തിന് വിദഗ്ധ സംഘത്തെ അമേരിക്ക അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദക്ഷിണികൊറിയയെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. 181 യാത്രക്കാരിൽ രണ്ട് പേർ മാത്രമായിരുന്നു രക്ഷപ്പെട്ടത്. രക്ഷപ്പെട്ട രണ്ട് പേരും വിമാനത്തിലെ ജീവനക്കാരാണ്. ലാൻഡിങ് ​ഗിയറിനുണ്ടായ തകരാർ മൂലം ബെല്ലി ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും വേണ്ട രീതിയിൽ ഫലവത്തായില്ല. വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കൺട്രോൾ ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു.

Also Read:

Kerala
ഉമാ തോമസിന്റെ അപകടം; സ്റ്റേജ് നിര്‍മാണത്തില്‍ അപാകത; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ബാങ്കോക്കിൽ നിന്ന് യാത്ര തിരിച്ച ജെജു എയറിന്റെ ബോയിങ് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 175 പേർ യാത്രക്കാരും ആറ് പേർ ജീവനക്കാരുമായിരുന്നു. 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരന്മാരും രണ്ട് പേർ തായ്‌ലൻഡ് സ്വദേശികളുമായിരുന്നു. അപകടത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ജെജു എയർ അധികൃതർ രംഗത്തെത്തിയിരുന്നു. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ദക്ഷിണകൊറിയയിൽ ഏഴ് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ലോകനേതാക്കളാണ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

Content Highlight: South korea plane crash; investigation continues

To advertise here,contact us