ഹഷ് മണി കേസിൽ ട്രംപ് കുറ്റക്കാരൻ, പക്ഷെ ശിക്ഷയില്ല; കാരണമിതാണ്

നിയമപ്രകാരം 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ട്രംപിനെതിരെ തെളിഞ്ഞത്

ന്യൂയോര്‍ക്ക്: ഹഷ് മണി കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. എന്നാല്‍ സാധാരണ കുറ്റവാളികളെ പോലെ ട്രംപിന് ശിക്ഷ അനുഭവിക്കേണ്ട സാഹചര്യമില്ല. ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാലാണ് ട്രംപിനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. ന്യൂയോര്‍ക്ക് കോടതി ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ആണ് കേസില്‍ വിധി പറഞ്ഞത്.

സത്യപ്രതിജ്ഞാ ചടങ്ങ് അടുത്തിരിക്കെ കേസിൽ ശിക്ഷാ വിധി പുറപ്പെടുവിക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഎസ് സുപ്രീംകോടതി ട്രംപിന്റെ ആവശ്യം തള്ളി. ഇതോടെയാണ് ന്യൂയോര്‍ക്ക് കോടതി ട്രംപിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഫ്‌ളോറിഡയിലെ തന്റെ സ്വകാര്യ വസതിയിലുള്ള ട്രംപ് വെര്‍ച്വലായാണ് ഹാജരായത്. നിയുക്ത പ്രസിഡന്റായ ട്രംപിന് ജയില്‍ശിക്ഷ വിധിക്കാന്‍ താത്പര്യമില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കുകയായിരുന്നു.

Also Read:

International
ടോക്യോ സർവകലാശാലയിൽ വിദ്യാര്‍ത്ഥിനി സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ചു; 8 പേർക്ക് പരിക്ക്

ഹഷ് മണി കേസില്‍ ട്രംപിനെതിരെ മുപ്പത്തിനാല് കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. രണ്ട് മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും ട്രംപ് കുറ്റക്കാരനായും കണ്ടെത്തി. എന്നാല്‍ കേസുകളെ ജനം കണക്കിലെടുത്തില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തി, വന്‍ ഭൂരിപക്ഷത്തില്‍ ട്രംപ് ജയിച്ചുകയറി. ഇതോടെയാണ് ശിക്ഷയില്‍ നിന്ന് ട്രംപ് രക്ഷപ്പെട്ടത്. നിയമപ്രകാരം നാല് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ട്രംപിനെതിരെ തെളിഞ്ഞത്.

പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം മറച്ചുവെയ്ക്കാൻ ഇവർക്ക് പണം നൽകിയെന്നതാണ് ട്രംപിനെതിരെയുള്ള ഹഷ് മണി കേസ്. 2016 ൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റോമിയുമായുള്ള ലൈം​ഗിക ബന്ധത്തെ മറച്ചുവെയ്ക്കാനായി 1.30 ലക്ഷം ഡോള‌‍ർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് ട്രംപിനെതിരെ തെളിഞ്ഞ കുറ്റം.

content highlight- Convicted but not punished in the hush money case, Trump has become the first American president to be convicted

To advertise here,contact us