ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാമൂഴം; സത്യപ്രതിജ്ഞ ഇന്ന്, കഠിന തണുപ്പ്മൂലം ചടങ്ങ് പൊതുവേദിയിൽ നിന്ന് മാറ്റി

40 വര്‍ഷത്തിനുശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്നവേദിയില്‍ നിന്ന് മാറ്റുന്നത്

ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡ‍ോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കനത്ത തണുപ്പ് കാരണം പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ഡോണാള്‍‍ഡ് ട്രംപ് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞയ്ക്കായുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍സ്യസ് താപനിലയായിരിക്കുമെന്നാണ് പ്രവചനം. ശൈത്യക്കാറ്റിന്‍റെ കൂടി സാധ്യത കണക്കിലെടുത്താണ് ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലേക്ക് മാറ്റിയത്. 40 വര്‍ഷത്തിനുശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്നവേദിയില്‍ നിന്ന് മാറ്റുന്നത്. ട്രംപ് അനുകൂലികള്‍‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും.

Also Read:

Kerala
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു

സത്യപ്രതിജ്ഞയ്ക്ക് ട്രംപ് ലിങ്കണ്‍ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും ഉപയോഗിക്കും. അധികാരമേറ്റാല്‍ നൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനമായ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിക്ക് ട്രംപിന്റെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അധികാരമേറ്റാല്‍ 24 മണിക്കൂറിനകം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിലും ട്രംപിന്റെ നീക്കം ഏവരും ഉറ്റുനോക്കുന്നു. ടിക് ടോക് നിരോധനം മറ്റൊരു പ്രധാനവിഷയമാണ്. വ്യാപാര ബന്ധത്തിലും സാമ്പത്തിക നയങ്ങളിലും കടുംപിടുത്തക്കാരനാണെങ്കിലും രാജ്യാന്തര ബന്ധങ്ങളില്‍ ട്രംപ് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഗുണം ചെയ്തേക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ട്രംപിന്‍റെ ഉപദേശകനായ ഇലോണ്‍ മസ്കിന്‍റെ അഭിപ്രായവും ഇന്ത്യയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Content Highlights: Donald Trump Inauguration Trump Oath Ceremony Today

To advertise here,contact us