ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട്

ലോസ് ആഞ്ചലസിന് എൺപത് കിലോമീറ്റർ വടക്കാണ് പുതിയതായി കാട്ടുതീ പടരുന്നത്

കാലിഫോർണിയ: ലോസ് ആഞ്ചലസിൽ ആശങ്കയായി വീണ്ടും കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടുതീ അതിവേ​ഗം പടർന്ന് പിടിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 8000ത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടർന്നു പിടിച്ചുവെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിന് എൺപത് കിലോമീറ്റർ വടക്കാണ് പുതിയതായി കാട്ടുതീ പടരുന്നത്. ഏതാണ്ട് 8000ത്തോളം ഏക്കർ പ്രദേശം കത്തിനശിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീ പടർന്നതോടെ ഏതാണ്ട് 31000ത്തോളം ആളുകൾക്കാണ് ഇവിടെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദക്ഷിണ കാലിഫോർണിയയിൽ അതിശക്തമായ വരണ്ട കാറ്റിന് പിന്നാലെ അതിതീവ്ര തീപിടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് ഫ്ലാഗ് മുന്നറിയിപ്പിനെ തുടർന്ന് ദക്ഷിണ കാലിഫോർണിയയിൽ ഏകദേശം 1,000 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോർണിയ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു. സാൻ ഗബ്രിയേൽ പർവതനിരകളിലെ 700,000 ഏക്കർ (2,800 ചതുരശ്ര കിലോമീറ്റർ) വരുന്ന പാർക്ക് സന്ദർശരെ പ്രവേശിപ്പിക്കാതെ അടച്ചെന്ന് ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റ് അറിയിച്ചിട്ടുണ്ട്.

Also Read:

Kerala
വയനാട്ടിൽ ജനപ്രതിനിധിയെ സംഘം ചേർന്ന് മർദിച്ചു; ഗുരുതര പരിക്കുകളോടെ മെമ്പർ ആശുപത്രിയിൽ

നേരത്തെ ലോസ് ആഞ്ചലസിനെ പ്രതിസന്ധിയിലാക്കിയ ശക്തമായ രണ്ട് തീപിടുത്തങ്ങൾ കൂടുതൽ നിയന്ത്രണത്തിലായതായി അധികൃതർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീപിടുത്തം റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ആഞ്ചലസിന് കിഴക്ക് 14,021 ഏക്കർ നേരത്തെ കത്തി നശിച്ചതായാണ് റിപ്പോർട്ട്. ന​ഗരത്തിൻ്റെ പടിഞ്ഞാറുള്ള പാലിസേഡ്സ് ഭാഗത്ത് 23,448 ഏക്കറും കത്തിനശിച്ചു.

ജനുവരി 7ന് ലോസ് ആഞ്ചലസിലെ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏതാണ്ട് വാഷിംഗ്ടൺ ഡിസിയുടെ വലിപ്പമുള്ള പ്രദേശം കത്തിനശിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീയിൽ 28 പേർ കൊല്ലപ്പെടുകയും 16,000 ത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായി കത്തിനശിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.Content Highlights: New wildfire near Los Angeles explodes to 8,000 acres

To advertise here,contact us