റഷ്യയ്ക്കും ട്രംപിൻ്റെ 'തീരുവ' ഭീഷണി; യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിന് മുന്നറിയിപ്പ്

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. യുദ്ധം തുടരുകയാണെങ്കിൽ റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയിൽ ഉയർന്ന നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കൂടാതെ യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്കും തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗണ്ടിലൂടെയായിരുന്നു ട്രംപ് പുടിന് മുന്നറിയിപ്പ് നൽകിയത്.

ഡൊണാൾഡ് ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന്റെ പൂർണരൂപം

റഷ്യൻ പ്രസിഡന്റ് പുടിനുമായി എല്ലായിപ്പോഴും വളരെ നല്ല ബന്ധം നിലനിർത്തുന്ന വ്യക്തിയാണ് ‍ഞാൻ. അതുപോലെ തന്നെ റഷ്യൻ ജനതയെയും ഞാൻ സ്നേഹിക്കുന്നു. അതിനാൽ അവരെ ഉപദ്രവിക്കാൻ ‍ഞാൻ താത്പര്യപ്പെടുന്നില്ല. രണ്ടാം ലോകമഹായുദ്ധം വിജയിക്കാൻ 60,000,000ത്തോളം പേരുടെ ജീവൻ നഷ്ടപ്പെടുത്തി റഷ്യ നമ്മളെ സഹായിച്ചത് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സമ്പദ്‌വ്യവസ്ഥ തകർന്നു കൊണ്ടിരിക്കുന്നതിനാൽ റഷ്യയെയും പ്രസിഡന്റ് പുടിനെയും ‍താൻ സഹായിക്കാൻ ആ​ഗ്രഹിക്കുന്നു. യുദ്ധം നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ അവസ്ഥ കൂടുതൽ മോശപ്പെട്ട നിലയിലേക്ക് നയിക്കപ്പെടും.

Also Read:

International
ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട്

യുദ്ധം തുടരുകയാണെങ്കിൽ റഷ്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഉയർന്ന താരിഫുകളും നികുതിയും ഏർപ്പെടുത്തും. മാത്രമല്ല യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഇങ്ങനെയൊരു യുദ്ധം ആരംഭിക്കില്ലായിരുന്നു. ഈ യുദ്ധം നമുക്ക് അവസാനിപ്പിക്കാം. എളുപ്പവഴിയാണ് എപ്പോഴും നല്ലത്. ഇനി ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ല.

ട്രംപിന്റെ മുന്നറിയിപ്പിനോട് റഷ്യ ഇതുവരെ പ്രതികരിച്ചട്ടില്ല.റഷ്യ-യുക്രെയ്ൻ യുദ്ധം അധികാരമേറ്റ് ഒറ്റ ദിവസം കൊണ്ട് തന്നെ പരിഹരിക്കുമെന്ന് ട്രംപ് പറഞ്ഞതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപുമായി ചർച്ച നടത്താൻ പ്രസിഡൻ്റ് പുടിൻ സന്നദ്ധത അറിയിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസ് പ്രസിഡൻ്റായി ഔദ്യോഗികമായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ പുടിൻ അഭിനന്ദിച്ചിരുന്നു. യുക്രെയ്‌നെ സംബന്ധിച്ചും, ആണവായുധങ്ങളെ സംബന്ധിച്ചും യുഎസ് ഭരണകൂടവുമായി ചർച്ച തയ്യാറാണെന്നും പുടിൻ അറിയിച്ചിരുന്നു. റഷ്യയുമായുളള ബന്ധം പുനഃസ്ഥാപിക്കാനുള്ള പുതിയ യുഎസ് ഭരണകൂടത്തിൻ്റെ സന്നദ്ധത താൻ അംഗീകരിച്ചതായും വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.

Content Highlights: US President Donald Trump warned Russian President Vladimir Putin

To advertise here,contact us