'ബൈഡൻ സുനിത വില്യംസിനെ ഉപേക്ഷിച്ചു'; തിരികെയെത്തിക്കാൻ മസ്കിൻറെ സഹായം തേടി ട്രംപ്

'സുനിത വില്യംസിനേയും വിൽമോറിനേയും ബഹിരാകാശത്ത് ബൈഡൻ ഭരണകൂടം ഉപേക്ഷിച്ചു'

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിതാ വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കാൻ എലോൺ മസ്കിന്റെ സഹായം തേടി യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപ്. ബൈഡൻ ഭരണകൂടം യാത്രികരെ തിരികെയെത്തിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ‌സ്പേസ് എക്സ് വേണ്ടത് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി മസ്കും ട്വീറ്റ് ചെയ്തു.

'സുനിത വില്യംസിനേയും വിൽമോറിനേയും ബഹിരാകാശത്ത് ബൈഡൻ ഭരണകൂടം ഉപേക്ഷിച്ചു. അവർ മാസങ്ങളായി സ്പേസ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്. അവരെ സുരക്ഷിതമായി എലോൺ തിരികെ എത്തിക്കുമെന്ന് പ്രതീക്ഷയുണ്ട്. എലോണിന് നല്ലത് വരട്ടെ', ഡോണൾഡ് ട്രംപ് പറഞ്ഞു.

ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ രണ്ട് ബഹിരാകാശ യാത്രികരെ തിരികെ എത്തിക്കാൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവരെ എത്രയും വേ​ഗം ഭൂമിയിലെത്തിക്കുമെന്ന് മസ്ക് പറഞ്ഞു. ബൈഡൻ ഭരണകൂടം അവരെ ഇത്രയും നാൾ അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും എലോൺ മസ്ക് കൂട്ടിച്ചേർത്തു.

അടുത്ത വർഷം തുടക്കത്തോടെ തിരികെ എത്തിക്കുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു. എന്നാൽ ലിഫ്റ്റ്ഓഫിനായി പുതിയ ക്യാപ്‌സ്യൂൾ തയ്യാറാക്കാൻ സ്‌പേസ് എക്‌സിന് കൂടുതൽ സമയം ആവശ്യമാണെന്നതിനെ തുടർന്ന് നാസ മടക്ക യാത്ര വീണ്ടും വൈകിപ്പിക്കുകയായിരുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ തുടക്കത്തിലോ ഇവരെ തിരികെ എത്തിക്കാൻ സാധിക്കുമെന്നായിരുന്നു വിവരം. വേഗതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്നും നാസ അറിയിച്ചിരുന്നു.

Also Read:

Tech
ഒന്നല്ല, രണ്ടല്ല… സുനിതാ വില്യംസ് 2025നെ വരവേറ്റത് 16 തവണ; ബഹിരാകാശത്ത് നിന്നൊരു ന്യൂ ഇയര്‍ ആഘോഷം

സുനിതാ വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകം പിന്നീട് പലതവണ യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം.

ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്.

Content Highlights: Trump Asks to Elone Musk for Bring Back Sunitha Williams from Space

To advertise here,contact us