ഗാസയില്‍ മരണം അരലക്ഷം കവിഞ്ഞു; മരിച്ചതില്‍ 17,881 പേര്‍ കുട്ടികള്‍

15 മാസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിനിടയിലാണ് പുതുക്കിയ കണക്കുകള്‍ ഗാസ ഭരണകൂടം പുറത്ത് വിട്ടത്

ഗാസ: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അര ലക്ഷം കവിഞ്ഞതായി ഗാസ അധികാരികള്‍. കാണാതാവയവരെയും കൂടി മരിച്ചവരായി കണക്കാക്കുകയാണെങ്കില്‍ ഇതുവരെ 61,709 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 76 ശതമാനം പലസ്തീനികളുടെ മൃതദേഹം കണ്ടെടുക്കുകയും മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി ഗാസ ഭരണകൂടം അറിയിച്ചു.

അതേസമയം ഏകദേശം 14, 222 പേരെങ്കിലും കെട്ടിടങ്ങള്‍ക്കിടയിലോ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളിലോപെട്ടു കിടക്കുന്നുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചതില്‍ 17,881 കുട്ടികളാണെന്നും അതില്‍ 214 പേര്‍ നവജാത ശിശുക്കളാണെന്നും ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ മീഡിയ ഓഫീസ് മേധാവി സലാമ മാറൂഫ് പറഞ്ഞു. ' അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കടുത്ത സാഹചര്യത്തില്‍ 25ലധികം തവണകളിലായി 20 ലക്ഷത്തിലധികം പേര്‍ നിര്‍ബന്ധിത പലായനത്തിന് വിധേയരായി', അദ്ദേഹം പറഞ്ഞു. 1,11,588 പേര്‍ക്ക് പരുക്കേറ്റു.

Also Read:

International
ട്രംപിന്റെ നടപടി തുടരുന്നു; അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ച് അമേരിക്ക

മരിച്ചവരില്‍ 1,155 ആരോഗ്യപ്രവര്‍ത്തകര്‍, 205 മാധ്യമപ്രവര്‍ത്തകര്‍, 194 സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നു. 15 മാസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിനിടയിലാണ് പുതുക്കിയ കണക്കുകള്‍ ഗാസ ഭരണകൂടം പുറത്ത് വിട്ടത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാതിരുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ സാധിച്ചിരുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും വീണ്ടെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം വെടിനിര്‍ത്തലില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഹമാസിനെയും ഇസ്രയേലിനെയും കരാറിലെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം ആരംഭിക്കും.

Content Highlights: Death toll cross half lakhs in Gaza in Israel attack

To advertise here,contact us