വാഷിങ്ങ്ടൺ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ എക്സിൽ പങ്കുവെച്ച് വൈറ്റ്ഹൗസ്. പങ്കുവെച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അതിന് വൈറ്റ്ഹൗസ് നൽകിയിരിക്കുന്ന കുറിപ്പുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'Haha Wow' എന്ന് കുറിച്ച് ഇലോൺ മസ്ക് ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'എഎസ്എംആർ: അനധികൃത അന്യഗ്രഹ നാടുകടത്തൽ വിമാനം' എന്ന കുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങൾ എക്സിൽ വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുമ്പുള്ള നടപടികൾ അടക്കം ദൃശ്യവത്കരിക്കുന്ന വീഡിയോ ആണ് വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം കൈവിലങ്ങുകളും ചങ്ങലകളും ഒരു കൊട്ടയിൽ നിന്ന് വലിച്ചെടുത്ത് എയർപോർട്ടിൻ്റെ ടാർമാക്കിൽ വയ്ക്കുന്നതും അപ്പോൾ ചങ്ങലകൾ മുഴങ്ങുന്ന ശബ്ദവും വീഡിയോയിലുണ്ട്. ചങ്ങലയുടെ ശബ്ദം കൂടി ഉൾപ്പെടുന്ന വീഡിയോയിൽ നോൺക്ലിനിക്കൽ പദമായ 'എഎസ്എംആർ' എന്ന് ഉപയോഗിച്ചിരിക്കുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. "ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്പോൺസ്" എന്നതിനർത്ഥം വരുന്ന ഈ പദം വൈറ്റ്ഹൗസ് ഇത്തരമൊരു വീഡിയോയിൽ പങ്കുവെച്ചത് അസാധാരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു പ്രതലത്തിൽ എന്തെങ്കിലും ഉരയുമ്പോഴോ നഖം തട്ടുകയോ ചെയ്യുന്നത് പോലുള്ള അസാധാരണമായ ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ കാണുമ്പോൾ ചില ആളുകൾക്ക് അനുഭവപ്പെടുന്ന സുഖകരവും ഇക്കിളിപ്പെടുത്തുന്നതുമായ അവസ്ഥയെ സൂചിപ്പിക്കുന്ന 'നോൺക്ലിനിക്കൽ' പദമെന്ന നിലയിലാണ് 'എഎസ്എംആർ' ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ASMR: Illegal Alien Deportation Flight 🔊 pic.twitter.com/O6L1iYt9b4
ഇതിനിടെ അനധികൃത കുടിയേറ്റക്കാരെ അന്യഗ്രഹ ജീവികൾ എന്ന് വൈറ്റ്ഹൗസ് വിശേഷിപ്പിച്ചിരിക്കുന്നതും ചർച്ചയാകുന്നുണ്ട്. നേരത്തെ ഇന്ത്യക്കാർ അടക്കമുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരെ അമേരിക്ക മനുഷ്യത്വവിരുദ്ധ സമീപനം സ്വീകരിക്കുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു കുടിയേറ്റക്കാരനെ ഒരു ഉദ്യോഗസ്ഥൻ പരിശോധിക്കുന്നതായി തോന്നിപ്പിക്കുന്ന ഒരു ദൃശ്യത്തിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് ഒരു ഉദ്യോഗസ്ഥൻ ഒരു കൊട്ടയിൽ നിന്ന് വിലങ്ങുകളോട് കൂടിയ ചങ്ങലകൾ തറയിൽ നിരത്തിവെയ്ക്കുന്നതും ചങ്ങലയുടെ ശബ്ദപശ്ചാത്തലത്തോടെ വീഡിയോയിൽ കാണാാം. കൈകളും കണങ്കാലും ബന്ധിച്ച ഒരുകുടിയേറ്റക്കാരൻ ഒരു ഉദ്യോഗസ്ഥനെ മറികടന്ന് നടന്ന് പോകുന്നതും വീഡിയോയിൽ ഉണ്ട്. ഒരു അനധികൃത കുടിയേറ്റക്കാരൻ്റെ കൈകൾ പരസ്പരം വിലങ്ങിട്ട് ഒരു ഉദ്യോഗസ്ഥൻ ബന്ധിക്കുന്നതിൻ്റെ ക്ലോസ്അപ്പ് ദൃശ്യങ്ങളും വീഡിയോയിൽ വ്യക്തമായി കാണിച്ചിട്ടിണ്ട്. കണങ്കാൽ ബന്ധിച്ച ഒരാൾ പടികൾ കയറിപോകുന്നതും വീഡിയോയിൽ കാണാം.
വീഡിയോയിൽ കാണിച്ചിരിക്കുന്ന പുരുഷൻമാരായ അനധികൃത കുടിയേറ്റക്കാരുടെ മുഖം പക്ഷെ വീഡിയോയിൽ കാണിച്ചിട്ടില്ല. 'എഎസ്എംആർ: അനധികൃത അന്യഗ്രഹ നാടുകടത്തൽ വിമാനം' എന്ന കുറിപ്പോടെ വൈറ്റ്ഹൗസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതും ഇലോൺ മസ്ക് അതിശയത്തോടെ ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നതും ട്രംപിൻ്റെ അനുയായികളെയും അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തലിനെ പിന്തുണയ്ക്കുന്നവരിലും ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Haha wow 🧌🏅 https://t.co/PXFXpiGU0U
Content Highlights: White House posts video of immigrants in shackles, Musk retweet