ഇന്ത്യക്ക് പണം നൽകിയെന്ന ട്രംപിന്റെ വാദം തെറ്റ്; തളളി വാഷിങ്ടൺ പോസ്റ്റ്

'ഡിഒഎജിയുടെ അവകാശവാദം കേട്ട് തങ്ങൾ ഞെട്ടിപ്പോയി, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും അറിയില്ല'

വാഷിങ്ടൺ: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പണം നൽകിയിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തളളി അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. ഇന്ത്യക്ക് അമേരിക്കയുടെ വിദേശ സഹായ ഏജൻസിയായ യുഎസ്എഐഡി പണം നൽകിയതിന് രേഖകളില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 'ഡിപ്പാർട്ട്മെന്റ് ഓഫ് ​ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്)  തെറ്റായ അവകാശവാദം എങ്ങനെയാണ് ഇന്ത്യയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്' എന്ന തലക്കെട്ടോടെയാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.

യുഎസ്എഐഡിക്ക് ബം​ഗ്ലാദേശുമായി 21 മില്യൺ ഡോളറിന്റെ കരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2008 മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡിയിൽ നിന്ന് ഇന്ത്യക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പിന്തുണയ്ക്കുന്നുണ്ട്.

ഡോജിൻ്റെ (ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ്) വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പരിപാടിയും ഇന്ത്യയിൽ ഇല്ലെന്ന് യുഎസ്എഐഡിയുമായി ബന്ധമുളള മൂന്ന് പേരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡോജിൻ്റെ അവകാശവാദം കേട്ട് തങ്ങൾ ഞെട്ടിപ്പോയി, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്നും തങ്ങൾ അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റിന്റെ കുറിപ്പിൽ പറഞ്ഞു.

Also Read:

International
ഇന്ത്യയുടെ പോളിങ്ങിനെ കുറിച്ച് നമ്മൾ എന്തിന് ആശങ്കപ്പെടണം?; 21 മില്യൺ ഡോളർ അനധികൃത പദ്ധതിയെന്ന് ട്രംപ്

ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ് (ഡിഒജിഇ) ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ധനസഹായം റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പുകളിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കാൻ പ്രത്യേകം ലക്ഷ്യമിട്ട് 21 മില്യൺ നൽകിയെന്നായിരുന്നു റിപ്പോർട്ട്. അന്താരാഷ്‌ട്ര സഹായങ്ങൾ വെട്ടിക്കുറക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു അമേരിക്കയുടെ ഈ നീക്കം.

Also Read:

International
'21മില്യൺ ഡോളർ പോകുന്നത് സുഹൃത്തായ മോദിക്ക്'; തുടർച്ചയായി മൂന്നാം ദിനവും ഇന്ത്യയെ വിടാതെ പിടിച്ച് ട്രംപ്

ധനസഹായം നൽകിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ കോൺ​ഗ്രസും ബിജെപിയും പരസ്പരം ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. മോദിക്ക് എതിരെ കോൺ​ഗ്രസ് വിദേശ സഹായം തേടി എന്ന് ബിജെപി ആരോപിച്ചിരുന്നു. കൂടാതെ 21 മില്യൺ ഡോളർ തുക സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ലഭിക്കുന്നത് എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. 'തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യണാണ് ഇന്ത്യക്ക് നമ്മൾ നൽകുന്നത്. നമ്മുടെ കാര്യമോ? എനിക്കും വേണം വോട്ടർ ടേൺഔട്ട്' എന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രം​ഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം ദിവസമാണ് ട്രംപ് ഇന്ത്യക്ക് നൽകുന്ന തുകയെ കുറിച്ച് പരാമർശിക്കുന്നത്. 21 മില്യൺ ഇന്ത്യക്ക് നൽകിയെന്നാണ് ട്രംപ് പറയുന്നത്. അത്ര വലിയ തുക തങ്ങൾക്ക് ചിലവഴിക്കേണ്ട ആവശ്യമെന്താണെന്നും അവർ മറ്റാരെയോ തിരഞ്ഞെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് തോന്നുന്നുവെന്നും അമിത് മാളവ്യ പറഞ്ഞു.

Content Highlight: Washington Post Counters Trump's India Funding Claim

To advertise here,contact us