'എല്ലാവർക്കും സമാധാനം ലഭിക്കുമെങ്കിൽ..'; റഷ്യൻ തടവുകാരെ വിട്ടയക്കാൻ തയ്യാറെന്ന് വ്‌ളാഡിമിർ സെലെൻസ്കി

ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ സമാധാന ഒത്തുതീർപ്പ് തങ്ങൾക്കും ബോധ്യമായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നാണ് റഷ്യയുടെ പ്രതികരണം

കിയേവ്: യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാ​ഗമായി യുദ്ധതടവുകാരെ പരസ്പരം കൈമാറണമെന്ന നിർദേശം മുന്നോട്ട് വെച്ച് യുക്രെയിൻ പ്രസിഡൻ്റ് വ്‌ളാഡിമിർ സെലെൻസ്കി. യുക്രൈയിനിലുള്ള റഷ്യൻ തടവുകാരെ വിട്ടയക്കാൻ തങ്ങൾ തയ്യാറാണെന്നും റഷ്യയും സമാനരീതിയിൽ തടവുകാരെ വിട്ടയക്കണമെന്നും സെലെൻസ്കി പറഞ്ഞു. റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ മൂന്നാം വാർഷികവുമായി ബന്ധപ്പെട്ട് കിയേവിൽ നടന്ന ഉന്നതതല സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'റഷ്യ തടവിൽ വെച്ചിരിക്കുന്ന യുക്രെയിൻ സ്വദേശികളെ മോചിപ്പിക്കണം. എല്ലാവർക്കും വേണ്ടി എല്ലാ തടവുകാരേയും കൈമാറാൻ യുക്രെയിൻ തയ്യാറാണ്. ഒരു പുതിയ തുടക്കത്തിനുള്ള ശരിയായ മാർ​ഗമാണിത്', സെലെൻസ്കി പറഞ്ഞു.

'ഈ വർഷം സത്യമായ, ഏറെക്കാലം നീണ്ടുനിൽക്കുന്ന സമാധാനത്തിന്റെ ശരിയായ തുടക്കമായിരിക്കണം. പുടിൻ നമുക്ക് ഒരിക്കലും സമാധാനം തരില്ല. അഥവാ നമ്മൾ നൽകുന്ന എന്തിനെങ്കിലും പകരമായി അവർ നമുക്ക് സമാധാനം നൽകില്ല. മറിച്ച് സമാധാനത്തെ പോരാട്ടത്തിലൂടെയും കരുത്തിലൂടേയും വേണം സ്വന്തമാക്കാൻ', അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയിനിലെ ജനങ്ങളുടെ മൂന്ന് വർഷത്തെ പോരാട്ടവീര്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. യുക്രെയ്നിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ സെലെൻസ്കി രാജ്യത്തെ ചേർത്തുപിടിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു. അതേസമയം ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ സമാധാന ഒത്തുതീർപ്പ് തങ്ങൾക്കും ബോധ്യമായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നാണ് റഷ്യയുടെ പ്രതികരണം.

Also Read:

Kerala
'അഫാന്‍റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു, വീട്ടിലെത്തി പലരും പൈസ ചോദിച്ചിരുന്നു'; എ എ റഹിം

2024 ഒക്ടോബറിൽ റഷ്യയും യുക്രെയിനും 95തടവുകാരെ പരസ്പരം കൈമാറിയിരുന്നു. അന്ന് യുഎഇയായിരുന്നു തടവുകാരെ വിട്ടയക്കുന്നതിൽ മധ്യസ്ഥത വഹിച്ചത്. സെപ്റ്റംബറിൽ 103 തടവുകാരേയും രണ്ട് രാജ്യങ്ങളും തടവുകാരെ വിട്ടയച്ചിരുന്നു.

Content Highlight: ‘All for all:’ Zelenskyy proposes prisoner swap with Russia to start peace talks, hopes war to end ‘this year

To advertise here,contact us