'വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്ന് ട്രംപ്, കൊലയാളി പുടിനുമായി സന്ധിയില്ലെന്ന് സെലൻസ്കി'; തർക്കിച്ച് നേതാക്കൾ

പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടന്നു.

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയിൻ പ്രസിഡൻ്റ് വ്ളാഡിമർ സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വാക്കുതർക്കം. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയിൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലൻസ്കിയുടെ മറുപടി. ഇത് ട്രംപിനെ കൂടുതൽ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടന്നു.

മാധ്യമങ്ങൾക്കുമുന്നിൽ നടന്ന ചർച്ചയില്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും യുക്രൈന്‍ പ്രസിഡന്‍റ് വൊളോഡിമർ സെലൻസ്കിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലൻസ്കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവൻ വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇത് തൻ്റെ രാജ്യത്തോട് കാണിക്കുന്ന അനാദരവാണെന്നും ട്രംപ് പറഞ്ഞു.

"ഞങ്ങൾ നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി, ഞങ്ങൾ നിങ്ങൾക്ക് സൈനിക ഉപകരണങ്ങൾ നൽകി, ധാരാളം പിന്തുണയും നൽകി. ഞങ്ങളുടെ സൈനിക ഉപകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമായിരുന്നു" ട്രംപ് പറഞ്ഞു. ഇതിന് മറുപടിയായി താൻ ഇതേ വാക്കുകൾ തന്നെയാണ് പുടിനിൽ നിന്നും കേട്ടിട്ടുള്ളത് എന്നാണ് സെലൻസ്കി പറഞ്ഞത്.

Also Read:

International
ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചു; മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാൻ

"ആളുകൾ മരിക്കുകയാണ്, നിങ്ങൾക്ക് സൈനികരുടെ എണ്ണം കുറവാണ്, എന്നിട്ട് നിങ്ങൾ ഞങ്ങളോട് 'എനിക്ക് വെടിനിർത്തൽ വേണ്ട' എന്നും 'എനിക്ക് യുദ്ധം തുടരണം' എന്നും പറയുന്നു. നിങ്ങൾ ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിക്കണം. ഞാൻ ഇവിടെയുണ്ട്, ഞാൻ വെടിനിർത്തൽ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങൾ അത് ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാണ്," ട്രംപ് പറഞ്ഞു. എന്നാൽ കൊലയാളിയായ പുടിനോട് വിട്ടുവീഴ്ചയ്ക്കില്ലായെന്ന പക്ഷത്തിൽ തന്നെ സെലൻസ്കി ഉറച്ച് നിന്നു. ചർച്ചയിൽ ഉടനീളം ട്രംപ് സെലൻസ്കിയെ കുറ്റപ്പെടുത്തുന്നതായി കാണാം. വാ​ഗ്വാദങ്ങൾക്കൊടുവിൽ കരാറിൽ ഒപ്പിടാതെ സെലൻസ്കി മടങ്ങി. പിന്നാലെ സെലൻസ്കി ഓഫീസിനോട് അനാദരവ് കാട്ടിയെന്നും സമാധാനത്തിന് തയ്യാറാകുമ്പോൾ അദ്ദേഹത്തിന് തിരിച്ചുവരാമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

Content Highlights- Trump should be prepared to leave, Zelensky says no peace with killer Putin'; Arguing leaders

To advertise here,contact us