പാകിസ്താനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം. അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നൗഷ്കിയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക പൊലീസ് മേധാവി സഫർ സമാനാനി പറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. തഫ്താനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിൽ ഏഴ് ബസുകളുണ്ടായിരുന്നു. നൗഷ്കിൽ വെച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ സൈനിക വ്യൂഹത്തിൽ വന്നിടിക്കുകയായിരുന്നു. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് 400 ഓളം യാത്രക്കാരുമായി പോയ ഒരു ട്രെയിൻ ഹൈജാക്ക് ചെയ്ത നിരോധിത ബി‌എൽ‌എയുടെ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണ് ഈ ആക്രമണം.

Content Highlights: bomb exploded near a bus carrying security forces in restive southwestern Pakistan

To advertise here,contact us