സുനിതയും ബുച്ചും തിരിച്ചെത്തി; ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റിൻ്റെ അടുത്ത ദൗത്യത്തിൽ ഇന്ത്യക്കാരൻ

14 ദിവസം നീണ്ടുനിൽക്കുന്ന ഒരു ദൗത്യമാണ് ഇനി നടക്കുക

ന്യൂയോർക്ക്: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തിയത്. സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിൽ ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തിൽ ഒരു ഇന്ത്യക്കാരൻ കൂടിയുണ്ട്. ശുഭാന്‍ഷു ശുക്ലയാണ് ആ ഇന്ത്യാക്കാരൻ. ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് കാപ്റ്റൻ ശുഭാന്‍ഷു ശുക്ലയാണ് ആക്‌സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 1984 ല്‍ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 ദൗത്യത്തില്‍ യാത്ര ചെയ്ത രാകേഷ് ശര്‍മയാണ് ഇന്ത്യന്‍ പൗരനായ ആദ്യ ബഹിരാകാശ സഞ്ചാരി.

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ആക്‌സിയം-4 ദൗത്യം ഈ വർഷമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഏകദേശം 14 ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ ശുഭാന്‍ഷു ശുക്ലയ്ക്ക് പുറമേ ബഹിരാകാശയാത്രികരുടെ മറ്റൊരു സംഘവും ഉൾപ്പെടും. ഇന്ത്യൻ വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റും ഇന്ത്യയുടെ ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗവുമായ ശുക്ലയെ കൂടാതെ, മുൻ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള യൂറോപ്യൻ സ്‌പേസ് ഏജൻസി ബഹിരാകാശയാത്രികരായ സാവോസ് ഉസ്‌നാൻസ്കി-വിസ്‌നിയേവ്‌സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരും സംഘത്തിലുണ്ട്.

നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) തമ്മിലുള്ള വിശാലമായ സഹകരണത്തിന്റെ ഭാഗമാണ് ഈ ദൗത്യം. ബഹിരാകാശ യാത്രയിൽ സ്വകാര്യ കമ്പനികളുടെ വർദ്ധിച്ചുവരുന്ന പങ്ക് കൂടിയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കുക എന്നതാണ് ആക്സിയം സ്പേസ് ലക്ഷ്യമിടുന്നത്.

Content Highlights :Sunita and Butch are back; now an Indian is next

To advertise here,contact us