സമുദ്രത്തെ മുത്തമിട്ട് ഡ്രാഗണ്‍, സുനിതയേയും ബുച്ച് വിൽമോറിനേയും വരവേറ്റ് ലോകം

ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സ്പ്ലാഷ് ഡൗൺ വിജയകരമായത്

വാഷിങ്ടൗണ്‍: ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിൽ തിരിച്ചെത്തി. ലോകം ഒന്നടങ്കം കാത്തിരുന്ന ഈ തിരിച്ച് വരവ് അവസാന ഘട്ടമായ സ്പ്ലാഷ് ഡൗണും വിജയകരമായതോടെയാണ് പൂർണമായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സ്പ്ലാഷ് ഡൗൺ വിജയകരമായത്. മെക്സിക്കൻ ഉൾക്കടലില്‍ പാരച്ച്യൂട്ടുകളുടെ സഹായത്തോടെ പതിച്ചത്. ഫ്ലോറിഡയ്ക്ക് സമീപമായിരുന്നു ഇത്. പേടകത്തിലെ യാത്രികരെ അമേരിക്കൻ സൈന്യത്തിൻ്റെ കപ്പലുകളിലാണ് നാസ സുരക്ഷിതമായി തിരികെ എത്തിക്കുന്നത്.

ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.

ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‌മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.

Content Highlights- Sunita and Butch Wilmore return to Earth

To advertise here,contact us