ആശ്വാസം: വെൻ്റിലേഷൻ സഹായമില്ലാതെ മാർപാപ്പ ശ്വസിക്കുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ

ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞുവെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ മാർപാപ്പ ശ്വസിക്കുന്നെന്ന് വത്തിക്കാൻ അറിയിച്ചു. ആശാവഹമായ പുരോഗതിയാണെന്നും ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞുവെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുളള ആദ്യ ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിച്ചു വരുന്നതായി വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ മാർപാപ്പയും പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഒപ്പം ഭരണകാര്യങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ വെച്ച് ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങളും മാർപാപ്പ നൽകുന്നുണ്ടെന്നുളള വിവരങ്ങളും ഉണ്ടായിരുന്നു.

The Holy See Press Office released the following update on Pope Francis’ health: pic.twitter.com/7upexrL445

ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് നിലവിൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സങ്കീർണതകൾ പൂർണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആ​രോ​ഗ്യവിദ​ഗ്ദർ വ്യക്തമാക്കി. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Pope Francis' health is improving

To advertise here,contact us