ഗാസയിലെ ഇസ്രയേൽ ബോംബാക്രമണത്തിൽ ദുഃഖിതനാണ്, ആയുധങ്ങൾ ഉടനടി താഴെവയ്ക്കണം: ഫ്രാൻസിസ് മാർപാപ്പ

അടിയന്തരമായി ആയുധങ്ങൾ താഴെവച്ച് സമാധാന ചർച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു

വത്തിക്കാൻ സിറ്റി: ഗാസ മുനമ്പിലെ ഇസ്രയേലിന്റെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ താൻ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ആയുധങ്ങൾ താഴെവച്ച് സമാധാന ചർച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. റോമിലെ ആശുപത്രിവിടും മുൻപ് പലസ്തീൻ ജനതയ്ക്ക് വേണ്ടി അദ്ദേഹം പ്രാർഥന നടത്തിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ ഞാൻ ദുഃഖിതനാണ്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങൾ ഉടനടി താഴെവയ്ക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. അന്തിമ വെടിനിർത്തൽ സാധ്യമാകുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ധൈര്യം കാണിക്കണം. ഗാസ മുനമ്പിൽ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. രാജ്യാന്തര സമൂഹത്തിൽനിന്ന് അടിയന്തര ഇടപെടൽ ആവശ്യമാണ്', മാർപാപ്പ ആവശ്യപ്പെട്ടു.

ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. റോമിലെ ജെമെല്ലി ആശുപത്രിയിലെ ബാൽക്കണിയിലെത്തി ഫ്രാൻസിസ് മാർപാപ്പ പൊതുജനത്തെ കൈവീശി അഭിവാദ്യം ചെയ്തു.

ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വിശ്വാസികളെ അഭിസംബോധന ചെയ്തത്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദിയെന്ന് മാർപാപ്പ പറഞ്ഞു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14 ന് ആണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Content Highlights: Pope Francis Calls For Immediate End To Israeli Strikes On Gaza

To advertise here,contact us