പാകിസ്താനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഇസ്ലാമബാദ്: പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം, പുലർച്ചെ 2.58 ഓടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. ബലൂചിസ്ഥാനിലെ ഉതാലിൽ നിന്ന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി, 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു.

ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം തന്നെ ഫെബ്രുവരി 28-ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പാകിസ്താനിൽ രേഖപ്പെടുത്തിയിരുന്നു. പാകിസ്താൻ അധിനിവേശ കശ്മീരിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,700-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർച്ച് 28-ന് ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം ബാങ്കോക്ക് മുതൽ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു.

Content Highlights: Earthquake of magnitude 4.3 hits Pakistan

To advertise here,contact us