'ഇന്ത്യക്കാർ അത് അർഹിച്ചിരുന്നു; ഭീകരർക്ക് പുരസ്കാരം നൽകി ആദരിക്കണം'; തഹാവൂർ റാണയുടെ മുൻ പ്രതികരണം പുറത്ത്

മുബൈ ഭീകരാക്രമണത്തിന് പിന്നാലെ തൻ്റെ ബാല്യകാല സുഹ്യത്തായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയോട് തഹാവൂർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ യു എസ് പുറത്തുവിട്ടിരിക്കുന്നത്

വാഷിങ്ടൺ: മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂ‍ർ റാണയുടെ മുൻ പ്രതികരണം പുറത്തുവിട്ട് യു എസ്. മുബൈ ഭീകരാക്രമണത്തിന് പിന്നാലെ തൻ്റെ ബാല്യകാല സുഹ്യത്തായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയോട് തഹാവൂർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ യു എസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കാർ അത് അർഹിക്കുന്നുണ്ടെന്നായിരുന്നു തഹാവൂർ അന്ന് പറഞ്ഞതെന്നാണ് യു എസ് പറയുന്നത്. ഭീകരമാക്രമണം നടത്തിയവരെ പാകിസ്താനിലെ ഏറ്റവും ഉയർന്ന ധീരതയ്ക്കുള്ള പുരസ്കാരമായ നിഷാൻ ഇ ഹൈ​ദർ നൽകി ആദരിക്കണമെന്നും തഹാവൂർ പറഞ്ഞതായി യു എസ് അറിയിച്ചു.

ഇന്നലെയായിരുന്നു തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചത്. അതീവ സുരക്ഷയിൽ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച തഹാവൂറിന്റെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. ഇതിന് പിന്നാലെ തഹാവൂറിന്റെ ഒരു ചിത്രവും എൻഐഎ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷം തഹാവൂറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. തഹാവൂറിന്റെ 20 ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ പതിനെട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. തഹാവൂറിനെ എൻഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുളളയാളാണ് റാണ. 2008-ൽ മുംബൈയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുൻപുളള ദിവസങ്ങളിൽ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാൾ ഇന്ത്യവിട്ട് ദിവസങ്ങൾക്കുളളിലാണ് മുംബൈയിൽ ഭീകരാക്രമണമുണ്ടായത്. കോൾമാനുമായി ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.

Content Highlights- 'Indians deserved it, terrorists should be honored with awards' Tahawwur Rana response is out

To advertise here,contact us