വാഷിങ്ടൺ: അമേരിക്കയിൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. 30 ദിവസത്തിൽ കൂടുതൽ യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശം ലംഘിക്കുന്നവർക്ക് പിഴയും തടവും ലഭിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. നിർദേശം പാലിക്കാത്തവർ നിർബന്ധിത നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികള് നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഉടൻ രാജ്യം വിടുക, അല്ലെങ്കിൽ സ്വയം നാടുകടക്കുക എന്ന ട്രംപ് ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 30 ദിവസത്തിൽ കൂടുതൽ യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴയും തടവും ലഭിക്കുമെന്നും എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ഓഫീസിനെയും വകുപ്പിന്റെ സെക്രട്ടറി ക്രിസ്റ്റി നോമിനെയും പോസ്റ്റില് ടാഗ് ചെയ്തിട്ടുണ്ട്.
നിയമാനുസൃത രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർ 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യതില്ലെങ്കില് പ്രതിദിനം 998 യുഎസ് ഡോളർ (ഏകദേശം 85,924 രൂപ) പിഴയും. അല്ലെങ്കില് 1000 മുതൽ 5000 ഡോളർ വരെ അധിക പിഴയും ജയിൽ ശിക്ഷയും അനുഭവിക്കണമെന്നും വകുപ്പ് വ്യക്തമാക്കി.
സ്വയം പുറത്തുപോകാന് ഉദ്ദേശിക്കുന്നവർക്ക് അവർക്ക് സഞ്ചരിക്കേണ്ട വിമാനം തിരഞ്ഞെടുക്കാമെന്നും ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ യുഎസിൽ നിന്ന് സമ്പാദിച്ച പണം സൂക്ഷിക്കാമെന്നും ഭാവിയിൽ നിയമപരമായ കുടിയേറ്റത്തിന് അവസരം ലഭിക്കുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൻ്റെ പോസ്റ്റിൽ പറയുന്നു. 2025 ജനുവരിയിൽ അധികാരമേറ്റെടുത്തതിനുശേഷം നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്നത്.
Content Highlight : Leave now, self-deport: US's 30-day warning to foreign nationals for registration
.