കത്തി ചൂണ്ടി വിമാനം തട്ടിക്കൊണ്ട് പോകാൻ ശ്രമം; യാത്രക്കാരൻ അക്രമിയെ വെടിവെച്ച് കൊന്നു, സംഭവം ബെലീസിൽ

അക്രമി യാത്രക്കാരെയും പൈലറ്റിനെയും കുത്തിപ്പരിക്കേൽപ്പിച്ചതായും റിപ്പോർട്ടുണ്ട്

ന്യൂയോർക്ക്: കത്തി ചൂണ്ടി ഒരു ചെറിയ ട്രോപിക് എയർ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമിയെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ബെലീസിലാണ് സംഭവം. പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബെലീസിന്റെ മെക്സിക്കോ അതിർത്തിയോട് ചേർന്ന കൊറോസാൽ എന്ന ചെറുപട്ടണത്തിൽ നിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സാൻ പെഡ്രോയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ ഉണ്ടായിരുന്നത്.

അമേരിക്കൻ പൗരനായ അകിന്യേല സാവ ടെയ്‌ലർ എന്ന അക്രമിയാണ് വിമാനം പറക്കുന്നതിനിടെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയത്. തന്നെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്നായിരുന്നു അക്രമിയുടെ ആവശ്യം. അക്രമി യാത്രക്കാരെയും പൈലറ്റിനെയും കുത്തിപ്പരിക്കേൽപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനാണ് വിമാനത്തിൽ വെച്ച് അക്രമകാരിയെ വെടിവെച്ചുകൊന്നതെന്നാണ് ബെലീസിലെയും അമേരിക്കയിലെയും ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്.

ടെയ്‌ലറിന് വിമാനത്തിലേക്ക് കത്തി കൊണ്ടുവരാൻ എങ്ങനെ കഴിഞ്ഞുവെന്ന് വ്യക്തമല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ട് വിവരം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴും ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് വാഷിംഗ്ടണിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.

Content Highlights: US Man Attempts To Hijack Plane, Shot Dead By Passenger Report

To advertise here,contact us