ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനാ നേതാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ദിനാജ്പുർ ജില്ലയിലെ 'പൂജ ഉദ്ജപാൻ പരിഷദ്' എന്ന സംഘടനയുടെ നേതാവായ ബബേഷ് ചന്ദ്ര എന്നയാളെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ബൈക്കിലെത്തിയ നാല് പേർ ബബേഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ശേഷം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നും ഭാര്യ ശാന്ത റോയിയെ ഉദ്ധരിച്ച് 'ഡെയ്ലി സ്റ്റാർ' റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബബേഷിനെ തട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാർ അടക്കം കണ്ടിട്ടുണ്ട്. ശേഷം ബബേഷിനെ നർബാരി ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
അന്നേ ദിവസം തന്നെ തട്ടിക്കൊണ്ടുപോയവർ ബബേഷിനെ വീടിന് മുമ്പിൽ ഉപേക്ഷിച്ചു. തുടർന്ന് കുടുംബം ബബേഷിനെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തട്ടിക്കൊണ്ട് പോകലിൽ ഉൾപ്പെട്ടവർ ആരാണെന്ന് അന്വേഷിക്കുകയാണെന്നും, കേസ് നടപടികൾ മുന്നോട്ടുപോകുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഇടക്കാല സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു വിഭാഗത്തിനെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഐൻ ഓ സാലിഹ് കേന്ദ്ര' എന്ന സംഘടന ഇത്തരത്തിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും, ഹിന്ദുമതസ്ഥരുടെ വീടുകൾക്കും കച്ചവടകേന്ദ്രങ്ങൾക്കും നേരെ കഴിഞ്ഞ മാസം മാത്രം 147 അക്രമ സംഭവങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
Content Highlights: Hindu leader kidnapped and beaten to death at Bangladesh