'മോദി ജനകീയ നേതാവ്, മോദിക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ അസൂയ തോന്നുന്നു'; ജെ ഡി വാൻസ്

അമേരിക്കയും ഇന്ത്യയും ഒരുപോലെ വളരണം എന്നാണ് ട്രംപിന്റെ ആഗ്രഹമെന്നും അതിലൂടെ നല്ലൊരു ഭാവി ഇരു രാജ്യങ്ങൾക്കും സൃഷ്ടിക്കാൻ കഴിയുമെന്നും വാൻസ് കൂട്ടിചേർത്തു.

ന്യൂഡൽഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനകീയനായ നേതാവെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. മോദിക്ക് ലഭിക്കുന്ന സ്വീകാര്യത്തിൽ അസൂയ തോന്നിയെന്നും ഇക്കാര്യം മോദിയോട് താൻ പറഞ്ഞിരുന്നുവെന്നും വാൻസ് പറഞ്ഞു. അമേരിക്കയും ഇന്ത്യയും ഒരുപോലെ വളരണം എന്നാണ് ട്രംപിന്റെ ആഗ്രഹമെന്നും അതിലൂടെ നല്ലൊരു ഭാവി ഇരു രാജ്യങ്ങൾക്കും സൃഷ്ടിക്കാൻ കഴിയുമെന്നും വാൻസ് കൂട്ടിചേർത്തു. ജയ്‌പൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം.

നാല് ദിവസത്തെ ഇന്ത്യാ സന്ദ‍ർശനത്തിനാണ് ജെ ഡി വാൻസും കുടുംബവും തിങ്കളാഴ്ച ഡൽഹിയിലെത്തിയിരുന്നത്. വാൻസിന്റെ ഇന്ത്യ സന്ദ‌ർശനം തുടരുകയാണ്. നാളെ താജ്മ​ഹൽ സന്ദ‌ർശിക്കും. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലായിരുന്നു വാൻസിനും കുടുംബത്തിനും അത്താഴ വിരുന്ന് ഒരുക്കിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൽ നിർണായക പുരോ​ഗതിയുണ്ടായെന്നാണ് കൂടികാഴ്ചയ്ക്ക് പിന്നാലെ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അതേ സമയം, ഇന്ത്യയുമായുള്ള 'നവ ആധുനിക കാല' കരാറിന് ധാരണയായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കരാറിൽ കർഷകരുടെ ഉൾപ്പെടെ താത്പര്യങ്ങൾ സംരക്ഷിക്കും. കരാർ മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Content Highlights- 'Modi is a popular leader, I feel jealous of the acceptance Modi is getting'; JD Vance

To advertise here,contact us