'ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകും'; പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം ഇന്ന്

ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങൾ യോഗം വിലയിരുത്തും

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങൾ യോഗം വിലയിരുത്തും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്കുള്ള മറുപടിയും ചർച്ചയാകും. യോഗത്തിന് ശേഷം ഇന്ത്യയുടെ നീക്കത്തിൽ പ്രതികരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകുമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ, ഇന്ത്യൻ നീക്കത്തെ പാകിസ്ഥാൻ ഒറ്റക്കെട്ടായി നേരിടുമെന്ന് പാകിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയത് അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമെന്നും ചൗധരി ഫവാദ്.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാ‍ർ റദ്ദാക്കിയതുൾപ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടി ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോ​ഗം ചേരാനായി പാകിസ്താൻ തീരുമാനമെടുക്കുന്നത്. പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വാർത്താസമ്മേളനത്തിൽ ഇന്നലെ അറിയിച്ചിരുന്നു.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി പഹൽ​ഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികളും ഇന്ത്യ മരവിപ്പിച്ചിരുന്നു. പാകിസ്താന്റെ സുപ്രധാന കുടിവെള്ള പദ്ധതിയായ സി‌ന്ധു നദീജല കരാ‍റും ഇന്ത്യ റദ്ദാക്കി. വാ​ഗ - അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. പാകിസ്നിതാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്ഥരെ തിരികെ വിളിക്കാനും തീരുമാനമായിരുന്നു. പാക് ഹൈ കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കും. മെയ് ഒന്ന് മുതല്‍ പുതിയ നടപടികൾ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.

Content Highlights: Pakistan National Security Council Meeting Conduct Today

To advertise here,contact us