ന്യൂജേഴ്സി: ന്യൂ ജേഴ്സിയിൽ കാട്ടുതീ ശമനമില്ലാതെ തുടരുന്നു. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. 3,000 പേരെയാണ് നിലവിൽ വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. ഓഷ്യൻ കൗണ്ടിയിൽ ചൊവ്വാഴ്ച ആരംഭിച്ച കാട്ടു തീ ഇപ്പോഴും തുടരുകയാണ്.
നിലവിൽ കാട്ടുതീ പടർന്ന് പിടിച്ചിരിക്കുന്നത് 8,500 ഏക്കറിലാണ്. കാട്ടു തീയുടെ പശ്ചാത്തലത്തിൽ ന്യൂജേഴ്സിയിലെ ഏറ്റവും തിരക്കുള്ള ഗാർഡൻ സ്റ്റേറ്റ് ഹൈവേ അടച്ചു. കാട്ടുതീ 50% നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ന്യൂജേഴ്സിയിലെ ഫോറസ്റ്റ് ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം കാട്ടുതീയുടെ പശ്ചാത്തലത്തിൽ 25,000ത്തോളം ആളുകളാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്. നിലവിൽ കാട്ടുതീയിൽ ആർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ന്യൂജേഴ്സിയിലെ കൗണ്ടി റൂട്ട് 532 ലൂടെയുള്ള 18 കെട്ടിടങ്ങൾക്ക് കാട്ടുതീ ഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് ന്യൂജേഴ്സി ഫോറസ്റ്റ് ഫയർ സർവീസിന്റെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഓഷ്യൻ കൗണ്ടിയിലെ ഗ്രീൻവുഡ് ഫോറസ്റ്റ് മാനേജ്മെന്റ് ഏരിയയിലാണ് കാട്ടുതീ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
Content Highlights:Wildfire in New Jersey; 3,000 people evacuated