ടെഹ്റാന്: പഹല്ഗാമില് നടന്ന ഭീകരാക്രമണത്തെ തുടര്ന്ന് ഇന്ത്യയ്ക്കും പാകിസ്താനും ഇടയില് രൂപപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കാന് മധ്യസ്ഥരാകാമെന്ന് ഇറാന്. ഇറാന് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയാണ് മധ്യസ്ഥത വഹിക്കാനുള്ള താല്പര്യം അറിയിച്ചത്.
വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്ക്കുമിടയില് പരസ്പര ധാരണ വളര്ത്തിയെടുക്കാന് സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ അയല്ക്കാരാണ്. നൂറ്റാണ്ടുകള് പഴക്കമുള്ള ശക്തമായ സാംസ്കാരിക ബന്ധമുണ്ട്. ജനങ്ങള് തമ്മിലും ഉള്ള ബന്ധമുണ്ട്. അത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് തങ്ങള് കണക്കാക്കുന്നത്. ഇരുരാജ്യങ്ങളുമായുള്ള തങ്ങളുടെ മികച്ച ബന്ധം പ്രയോജനപ്പെടുത്തി വെല്ലുവിളി നിറഞ്ഞ സമയത്ത് ഇരുവര്ക്കുമിടയില് പരസ്പര ധാരണയ്ക്കായി ശ്രമിക്കാന് തയ്യാറാണെന്നും സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.
പ്രശസ്ത പേര്ഷ്യന് കവിയായ സാദിയുടെ വരികളും ഒപ്പം കുറിച്ചാണ് അരാഗ്ചി ഇറാന്റെ മധ്യസ്ഥത താല്പര്യം പ്രഖ്യാപിച്ചത്. ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും, അതിലൊരാള്ക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും' എന്ന വരിയാണ് കുറിച്ചത്.
Content Highlights: Iran offered to mediate between India and Pakistan