'പാപ്പ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു, ഞാൻ വിളിച്ചു, പക്ഷെ പ്രതികരിച്ചില്ല';അവസാന നിമിഷങ്ങൾ വിവരിച്ച് ഡോക്ടർ

ന്യുമോണിയ മൂർച്ഛിച്ച് പാപ്പ ആശുപത്രിയിലായിരുന്നപ്പോൾ ആൽഫിയെരിയായിരുന്നു പാപ്പയെ ചികിത്സിച്ചത്

വത്തിക്കാൻ: മാർപാപ്പയുടെ അവസാന നിമിഷങ്ങൾ വിവരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സെർജിയോ ആൽഫിയേരി. പാപ്പ തന്റെ അവസാന നിമിഷങ്ങളിൽ വേദന അറിഞ്ഞിരുന്നില്ലെന്നും പൊടുന്നനെയായിരുന്നു മരണമെന്നും സെർജിയോ ആൽഫിയേരി പറയുന്നു.

റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ ഫിസിഷ്യനാണ് സെർജിയോ ആൽഫിയേരി. ന്യുമോണിയ മൂർച്ഛിച്ച് പാപ്പ ആശുപത്രിയിലായിരുന്നപ്പോൾ ആൽഫിയേരിയായിരുന്നു പാപ്പയെ ചികിത്സിച്ചത്.

പുലർച്ചെ ഏതാണ്ട് അഞ്ചരയ്ക്കാണ് പാപ്പയുടെ ആരോഗ്യനില വഷളായതായി അറിയിച്ചുകൊണ്ട് ആൽഫിയേരിക്ക് ഫോൺ ലഭിച്ചത്. ഉടനെ ഓടിയെത്തിയപ്പോൾ ആൽഫിയേരി കണ്ടത് കണ്ണുകൾ തുറന്നുപിടിച്ച് കിടക്കുന്ന പാപ്പയെയാണ്. പാപ്പ ശ്വാസമെടുക്കുന്നുണ്ടായിരുന്നു എങ്കിലും, പേര് വിളിക്കുമ്പോൾ പ്രതികരിച്ചിരുന്നില്ല. അപ്പോൾ തന്നെ കോമയിലേക്ക് പോയി എന്ന് തനിക്ക് മനസിലായി എന്ന് ആൽഫിയെരി പറയുന്നു.

പാപ്പയുടെ അവസാന നിമിഷങ്ങൾ അടുത്തു എന്ന് തനിക്ക് അപ്പോൾത്തന്നെ ബോധ്യപ്പെട്ടുവെന്നും ആൽഫിയെരി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട എന്ന തീരുമാനമെടുക്കുകയായിരുന്നു. ഏതെങ്കിലും തരത്തിൽ അങ്ങനെ കൊണ്ടുപോയിരുന്നെന്നെങ്കിൽ, ആ വഴിയിൽ പാപ്പ മരണപ്പെട്ടേനെ എന്നും ആൽഫിയെരി പറയുന്നു.

ഏപ്രിൽ 21ന് വത്തിക്കാൻ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോ​ഗം. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മാർപാപ്പയുടെ മരണകാരണമെന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. പക്ഷാഘാതം സംഭവിക്കുകയും മാർപാപ്പ കോമയിൽ ആവുകയുമായിരുന്നു. പിന്നീട് മാർപാപ്പയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.

ഏപ്രിൽ 26, ശനിയാഴ്ചയാണ് മാർപാപ്പയുടെ സംസ്കാരം. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. ശവകൂടീരത്തിൽ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തൻ്റെ പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Marpappas final moments described by doctor

To advertise here,contact us