ന്യൂഡല്ഹി: ജമ്മുകശ്മീരിലെ പഹല്ഗാം ഭീകരാക്രമണത്തെ തുടര്ന്നുള്ള സംഘര്ഷാവസ്ഥ കൂടുതല് വഷളാവാതാരിക്കാന് ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന് ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
'പ്രശ്നം രൂക്ഷമാവാതിരിക്കാന് ഇരുസര്ക്കാരുകളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല് വഷളാകുന്നില്ലെന്ന് ഇന്ത്യ-പാകിസ്താൻ സര്ക്കാരുകള് ഉറപ്പാക്കണം', സ്റ്റീഫന് ദുജ്ജാറിക് പറഞ്ഞു.
ബൈസരണ്വാലിയില് 26 പേര് കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില് പാകിസ്താന് ഇന്ത്യ മുന്നണിയിപ്പ് നല്കിയിരുന്നു. 'ആക്രമണ്' എന്ന പേരില് ഇന്ത്യന് വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു. സെന്ട്രല് കമാന്ഡില് റഫാല്, സുഖോയ് യുദ്ധവിമാനങ്ങള് അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎന്എസ് സൂറത്തില് നിന്ന് മിസൈല് പരിശീലനവും വിജയകരമായി പൂര്ത്തിയാക്കിയിട്ടുണ്ട്. ദീര്ഘദൂര ആക്രമണ ദൗത്യങ്ങള്ക്കും ശത്രു കേന്ദ്രങ്ങള്ക്കെതിരായ മിന്നല് ആക്രമണങ്ങള്ക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങള് അറിയിച്ചു.
അതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ഇന്ന് കശ്മീരിലേക്ക് പോകുന്നുണ്ട്. കശ്മീരിലെ അനന്ത്നാഗ് ജില്ലയില് പരിക്കേറ്റവരെ രാഹുല്ഗാന്ധി സന്ദര്ശിക്കും. അനന്ത്നാഗിലെ മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലുള്ളവരെയാണ് രാഹുല്ഗാന്ധി സന്ദര്ശിക്കുന്നത്. 11 മണിക്കാണ് രാഹുലിന്റെ സന്ദര്ശനം തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Pahalgam attack UN urges India and Pakistan to exercise maximum restraint