'ഒന്നുകില്‍ നമ്മുടെ വെളളം അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം'; ഭീഷണിയുമായി പാക് മുന്‍ വിദേശകാര്യ മന്ത്രി

സിന്ധു നദി പാകിസ്താന്റേതാണെന്നും അത് പാകിസ്താന്റേതായി തന്നെ തുടരുമെന്നും ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂട്ടോ പറഞ്ഞു

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനുപിന്നാലെ ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി പാക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഒന്നുകില്‍ നമ്മുടെ വെളളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോ പാകിസ്താനില്‍ നടന്ന ഒരു പൊതുറാലിയില്‍ പറഞ്ഞത്. സിന്ധു നദി പാകിസ്താന്റേതാണെന്നും അത് പാകിസ്താന്റേതായി തന്നെ തുടരുമെന്നും ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂട്ടോ പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താനെ ബലിയാടാക്കുകയാണെന്നും അവരുടെ ആഭ്യന്തര സുരക്ഷാവീഴ്ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫും ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നാണ് മുന്നറിയിപ്പ്. 'ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രകോപനം ഇന്ത്യ നടത്തുകയാണെങ്കില്‍ പാകിസ്താന്‍ സൈന്യം സുസജ്ജമാണ്. ഞങ്ങള്‍ തിരിച്ചടിക്കും. പാകിസ്താന്‍ ആണവ ശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുത്.'-എന്നാണ് ഖവാജ ആസിഫ് പറഞ്ഞത്. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു.

പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനം.

Content Highlights: bilawal bhutto warns india amid indus water treaty suspension

To advertise here,contact us