പഹൽഗാം ഭീകരാക്രമണം: മോദി പറയുന്നത് സത്യമാണോയെന്ന് റഷ്യയ്‌ക്കോ ചൈനയ്‌ക്കോ അന്വേഷിക്കാമെന്ന് പാക് മന്ത്രി

പാകിസ്താന് പങ്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കണമെന്നും പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ്: റഷ്യയ്‌ക്കോ ചൈനയ്‌ക്കോ മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഇന്ത്യ പറയുന്നത് സത്യമാണോയെന്ന് അന്വേഷിക്കാമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നൊവോസ്തിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖവാജ ആസിഫിന്റെ പ്രതികരണം.

'ചൈനയ്‌ക്കോ റഷ്യയ്‌ക്കോ പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഈ പ്രതിസന്ധിക്ക് വളരെ നല്ല പങ്ക് വഹിക്കാന്‍ കഴിയും. ഇന്ത്യയോ മോദിയോ കള്ളമാണോ സത്യമാണോ പറയുന്നതെന്ന് അന്വേഷിക്കാന്‍ അവര്‍ക്കൊരു അന്വേഷണ സംഘത്തെ രൂപീകരിക്കാവുന്നതാണ്. ഒരു അന്താരാഷ്ട്ര സംഘം അത് കണ്ടെത്തട്ടേ', അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഖവാജ ആസിഫ് കൂട്ടിച്ചേര്‍ത്തു. ഈ ഭീകരാക്രമണത്തിന് പാകിസ്താന് പങ്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിലെ കശ്മീരില്‍ നടന്ന സംഭവത്തിന്റെ കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്തണം. പൊള്ളയായ പ്രസ്താവനകള്‍ക്ക് ഫലമുണ്ടാകില്ല. പാകിസ്താന് ഇതില്‍ പങ്കുണ്ടോ, അക്രമത്തിന് പിന്നിലുള്ളവരെ പാകിസ്താന്‍ പിന്തുണച്ചിട്ടുണ്ടോ എന്ന കാര്യങ്ങളില്‍ തെളിവ് വേണം. ഇപ്പോഴുള്ളത് വെറും പ്രസ്താവനകളാണ്', അദ്ദേഹം പറഞ്ഞു.

Content Highlights: Pahalgam Pakistan minister says Russia or China can investigate if Modi's statements are true

To advertise here,contact us