വത്തിക്കാന്: ഫ്രാന്സിസ് മാര്പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള പാപൽ കോൺക്ലേവിന് മുന്നോടിയായുള്ള കർദിനാൾമാരുടെ യോഗം ഇന്ന് ചേരും. ഇന്ത്യൻ സമയം 12.30നാണ് യോഗം ചേരുക. ഇതിനായി സിസ്റ്റൈൻ ചാപ്പലിൽ ഒരുക്കങ്ങൾ തുടങ്ങി. കോൺക്ലേവ് തുടങ്ങുന്ന തീയതി ഇന്ന് തീരുമാനിക്കും.
ബെനഡിക്ട് പതിനാറാമന് മാര്പാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെ തുടര്ന്ന് 2013 മാര്ച്ച് 13-നാണ് അര്ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്ച്ച് ബിഷപ്പായിരുന്ന കര്ദിനാള് ജോര്ജ്ജ് മാരിയോ ബര്ഗോളിയോ കത്തോലിക്കാ സഭയുടെ 266-മത്തെ മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഢംബരങ്ങളും സമ്പത്തും ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്രത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്സിസിന്റെ പേരും അദ്ദേഹം സ്വീകരിച്ചു.
ഫ്രാന്സിസ് മാര്പാപ്പയുടെ മരണത്തില് ഒമ്പത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് പിന്ഗാമിയെ തിരഞ്ഞെടുക്കാനുളള നടപടികള് ആരംഭിക്കുക. പാപ്പല് കോണ്ക്ലേവ് എന്ന പേരില് നടക്കുന്ന സമ്മേളത്തില് രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക. 80 വയസില് താഴെയുളള 138 കര്ദിനാൾമാരാണ് വോട്ടെടുപ്പില് പങ്കെടുക്കുക. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് ഉള്ളത്. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പാപ്പല് കോണ്ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.
കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ ആറ് കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസ്സുള്ള കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും 79 വയസ്സുള്ള മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാൻ സാധിക്കില്ല. പുതിയ മാര്പാപ്പയെ തിരഞ്ഞെടുക്കാന് ആഴ്ച്ചകള് കഴിയുമെങ്കിലും ഫ്രാന്സിസ് മാര്പാപ്പയുടെ പിന്ഗാമിയായി നിരവധിപേരുടെ പേരുകളാണ് ഉയര്ന്നുവരുന്നത്.
ഈ കഴിഞ്ഞ ഏപ്രില് 21-നാണ് ഫ്രാന്സിസ് മാര്പാപ്പ കാലംചെയ്തത്. അതിന് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില് നിന്ന് നാല് കിലോമീറ്റര് അകലെയുള്ള സെന്റ് മേരി മേജര് ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. ഏപ്രിൽ 26നാണ് മാര്പാപ്പയുടെ സംസ്കാര ചടങ്ങുകള് നടന്നത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന് അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര് ബസിലിക്കയിലായിരിക്കണമെന്നും പൗളിന് ചാപ്പലിനും ഫോര്സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്പാപ്പ മരണപത്രത്തില് വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില് സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന് ഭാഷയില് ഫ്രാന്സിസ് എന്നുമാത്രം എഴുതിയാല് മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlights: Cardinals Meeting Today to Elect Pope's Successor