വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് സംഘടിപ്പിക്കും. തിങ്കളാഴ്ച്ച ചേർന്ന കർദ്ദിനാൾമാരുടെ യോഗത്തിലാണ് തീരുമാനമായത്. 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് പങ്കെടുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സിസ്റ്റിൻ ചാപ്പലിലാണ് കോൺക്ലേവ് നടക്കുക.പുതിയ മാര്പാപ്പയെ കണ്ടെത്തുന്നത് വരെ കോൺക്ലേവ് തുടരും.
വോട്ടവകാശമുള്ള 80 വയസ്സിന് താഴെയുള്ള 135 കര്ദിനാള്മാർ യോഗത്തിൽ പങ്കെടുക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള് ഫ്രാന്സിസ് മാര്പാപ്പയുടെ പിന്ഗാമിയാകും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ,കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ആന്റണി പൂല, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പാപ്പല് കോണ്ക്ലേവിൽ വോട്ടവകാശമുള്ളത്. സിസ്റ്റൈൻ ചാപ്പൽ നിലവിൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. കോൺക്ലേവ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നേരത്തെ 2005ലും 2013ലും രണ്ട് ദിവസമായാണ് കോൺക്ലേവ് ചേർന്നത്.
ഏപ്രില് 21-നാണ് ഫ്രാന്സിസ് മാര്പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന് അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര് ബസിലിക്കയിലായിരിക്കണമെന്നും പൗളിന് ചാപ്പലിനും ഫോര്സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്പാപ്പ മരണപത്രത്തില് വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില് സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന് ഭാഷയില് ഫ്രാന്സിസ് എന്നുമാത്രം എഴുതിയാല് മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബെനഡിക്റ്റ് പതിനാറാമന് മാര്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്ന്ന് 2013 മാര്ച്ച് 19 ന് ആണ് ഫ്രാന്സിസ് മാര്പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്ജ് മാരിയോ ബര്ഗോളിയോ എന്നതാണ് യഥാര്ത്ഥ പേര്. വിശുദ്ധ ഫ്രാന്സീസ് അസീസിയോടുള്ള ബഹുമാനാര്ത്ഥം 'ഫ്രാന്സിസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില് നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയായിരുന്നു ഫ്രാന്സിസ് മാര്പാപ്പ.
Content highlights : Pope Francis' successor soon; Papal conclave on May 7