കാനഡയിൽ കാർണി തന്നെ; വിജയം ഉറപ്പിച്ച് ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെയാണ് മാർക്ക് കാർണി കാനഡയുടെ ഇരുപത്തിനാലാം പ്രധാന മന്ത്രിയായി അധികാരമേറ്റത്

ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് വിജയം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരെയുളള നടപടികൾക്കിടയിലാണ് ലിബറൽ പാർട്ടിയുടെ വിജയം. നിലവിലുളള പാര്‍ലമെന്റ് പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കാര്‍ണി തന്നെയാണ് കാനഡ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ 2,000-ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു. കാനഡ ഒരു ന്യൂനപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തു എന്നാണ് പരാജയത്തിന് പിന്നാലെ പൊയിലീവ്രെ പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. അമേരിക്കയുമായുളള വ്യാപാര യുദ്ധത്തിൽ നമ്മൾ വിജയിക്കും. വരാൻ പോകുന്ന കുറച്ച് ദിവസങ്ങളും മാസങ്ങളും കനേഡിയൻ ജനതയ്ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ചില ത്യാഗങ്ങൾ ആവശ്യമായി വരുമെന്നുമായിരുന്നു കാർണിയുടെ പ്രതികരണം.

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെയാണ് മാർക്ക് കാർണി കാനഡയുടെ ഇരുപത്തിനാലാം പ്രധാന മന്ത്രിയായി അധികാരമേറ്റത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അന്നത്തെ തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രിയായത് . 85.9 ശതമാനം വോട്ടാണ് കാർണിക്ക് അന്ന് ലഭിച്ചത്.

Content Highlights: Canadian Prime Minister Mark Carney's Liberal Party wins

To advertise here,contact us