അങ്കാര: പാകിസ്താന് സൈനിക സഹായം നല്കിയെന്ന വാര്ത്തകള് നിഷേധിച്ച് തുര്ക്കി. തുര്ക്കി വിമാനം പാകിസ്താനില് ഇറക്കിയത് ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയായിരുന്നെന്ന് വിശദീകരണം. ഇന്ത്യയും പാകിസ്താനും തമ്മിലുളള സംഘര്ഷം എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തുര്ക്കി പ്രസിഡന്റ് ത്വൊയിപ് എര്ദൊഗാന് വ്യക്തമാക്കി. ലോകത്ത് ഒരു യുദ്ധം കൂടി തുര്ക്കി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു എര്ദൊഗാന്റെ പ്രതികരണം.
പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്ക്കിയുടെ സൈനികവിമാനങ്ങള് പാകിസ്താനില് എത്തിയതായുള്ള റിപ്പോര്ട്ടുകള് പുറത്ത് വന്നിരുന്നു. തുര്ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തത്. പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനമെത്തിയത്.
അതേസമയം പഹല്ഗ്രാം ഭീകരാക്രമണത്തിന് പിന്നില് പാക് ഭീകരന് ഹാഷിം മൂസയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പഹല്ഗ്രാമില് ആക്രമണം നടത്തിയ ഭീകരര്ക്ക് കൂടുതല് ആക്രമണങ്ങളില് പങ്കുണ്ടെന്ന സംശയവുമുണ്ട്. ഹാഷിം മുസ, അലി ഭായ് എന്നിവര് മുമ്പും കശ്മീരില് ഭീകരാക്രമണം നടത്തി എന്നാണ് സംശയം. സോനാമാര്ഗിലെ ടണല് ആക്രമണത്തിന് പിന്നില് ഹാഷിം മുസ എന്ന് സുരക്ഷ സേന കണ്ടെത്തി.
കഴിഞ്ഞ ഒക്ടോബറില് നടന്ന ഈ ആക്രമണത്തില് ഏഴ് തൊഴിലാളികള് കൊല്ലപ്പെട്ടിരുന്നു. സാംബ - കത്വ റീജിയണ് വഴി ഫെന്സിംഗ് മുറിച്ചാണ് ഭീകരര് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്നാണ് കണ്ടെത്തല്. അതേസമയം ജമ്മുവിലേക്ക് കടക്കാന് ഭീകരര് ലക്ഷ്യമിടുന്നതായാണ് സൂചന.കഴിഞ്ഞ ദിവസം തെക്കന് കശ്മീര് മേഖലയിലാണ് ഭീരരുടെ സാന്നിധ്യം കണ്ടത്.
ഏപ്രില് 22നാണ് പഹല്ഗാമിലെ ബൈസരണ്വാലിയില് ഭീകരാക്രമണമുണ്ടായത്. പൈന് മരങ്ങള്ക്കിടയില് നിന്ന് ഇറങ്ങിവന്ന ഭീകരര് വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്ഗാം ഭീകരാക്രമണത്തില് കൊല്ലപ്പെട്ടത്. സംഭവത്തിലുള്പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയില് നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്താന് നേരിട്ടു കൊണ്ടിരിക്കുന്നത്.
Content Highlights: Pahalgam Turkey denies reports of military aid to Pakistan